തിരുവനന്തപുരം: എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് പൊളിച്ച് പഠിക്കാന്‍ പുത്തന്‍ മെഴ്സിഡീസ് ബെന്‍സ് നല്കി കമ്പനി. കാര്യവട്ടം ഗവ. എന്‍ജിനിയറിങ് കോളജിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പഠിക്കാന്‍ പുതുപുത്തന്‍ ബെന്‍സ് കാര്‍ കിട്ടിയത്. കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായാണ് ബിരുദദാനച്ചടങ്ങിനിടെ കാര്‍ കോളേജിന് കൈമാറിയത്.
അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഓട്ടോമോട്ടീവ് മെക്കാട്രോണിക്സ് (എഡിഎഎംആഡം) കോഴ്സാണ് കമ്പനി ഇവിടെ ആരംഭിച്ചത്. ഈ കോഴ്സ് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ പുത്തന്‍ കാര്‍ പൊളിച്ചു പഠിക്കാം.മുക്കാല്‍ കോടിയിലേറെ വിലയുള്ള ആഡംബരകാറാണ് വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനായി കമ്പനി നല്‍കിയത്.
തിരുവനന്തപുരം എന്‍ജിനീയറിങ് കോളജ്, ഡല്‍ഹി ജെബി. പന്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, പുണെഔറംഗബാദ് ഗവണ്മെന്റ് പോളിടെക്നിക്കുകള് എന്നിവരുമായി സഹകരിച്ചാണ് കോഴ്സ്. മെഴ്സിഡീസ്ബെന്‍സ് ഇന്ത്യ കസ്റ്റമര്‍ സര്‍വ്വീസസ് ആന്‍ഡ് കോര്‍പറേറ്റ് അഫയേഴ്സ് വൈസ് പ്രസിഡന്റ് ശേഖര്‍ ഭിഡെ, വികെ പ്രശാന്ത് എംഎല്‍എ, കേരള സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ ഇന്ദിരദേവി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.