കോഴിക്കോട്: കേരളത്തിലെ പെണ്‍കുട്ടികള്‍ ലൗ ജിഹാദിന് ഇരയാകുന്നുവെന്ന സിറോ മലബാര്‍ സഭയുടെ സര്‍ക്കുലര്‍ തള്ളി ഡിജിപി ലോക്നാഥ് ബഹ്റ. കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് ഡിജിപി ലോക്നാഥ് ബഹ്റ പറഞ്ഞു. രണ്ട് കൊല്ലത്തിനിടയില്‍ ലൗ ജിഹാദ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്ര ന്യൂനപക്ഷ കമ്മീഷന് ഇക്കാര്യങ്ങള്‍ വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലൗ ജിഹാദിന്റെ പേരില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ കൊലചെയ്യപ്പെടുന്നുവെന്നും നിര്‍ബന്ധിത മതം മാറ്റത്തിന് ഇരയാകുന്നുവെന്നുമായിരുന്നു സിറോ മലബാര്‍ സഭാ സിനഡിന്റെ സര്‍ക്കുലര്‍. ലൗ ജിഹാദെന്ന സിറോ മലബാര്‍ സഭയുടെ ആരോപണത്തെ തുടര്‍ന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന് സംസ്ഥാന പോലീസ് മേധാവിയോട് വിശദീകരണം തേടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡിജിപിയുടെ പ്രതികരണം. സഭയുടെ ആരോപണം പരിശോധിക്കുമെന്നും ബഹ്റ വ്യക്തമാക്കി.
സിറോ മലബാര്‍ സഭാ സിനഡ് നല്കിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ന്യൂനപക്ഷ കമ്മീഷന് ഡിജിപിയോട് വിശദീകരണം തേടിയത്. വിഷയത്തില്‍ 21 ദിവസത്തിനകം റിപ്പോര്‍ട്ട് വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇല്ലെങ്കില്‍ കമ്മീഷന് നിയമപരമായ വഴിയിലൂടെ മുന്നോട്ട് പോകുമെന്നും കമ്മീഷന് വ്യക്തമാക്കി.