ന്യൂഡല്‍ഹി: തന്നെ അറിയിക്കാതെ പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി ചട്ട ലംഘനമാണെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ റൂള്‍സ് ഓഫ് ബിസിനസ് വായിച്ചാണ് ഗവര്‍ണര്‍ തന്റെ നിലപാട് വിശദീകരിച്ചത്. നിയമ നടപടികള്‍ സ്വീകരിക്കും മുമ്പ് ഗവര്‍ണറെ അറിയിക്കണമെന്ന് റൂള്‍സ് ഓഫ് ബിസിനസില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇത് ലംഘിച്ചിരിക്കുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയില്‍ നിന്നു തന്നെ വിശദീകരണം തേടുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഗവര്‍ണറുടെ അധികാരങ്ങള്‍ എന്തൊക്കെയെന്ന് ഭരണഘടനയിലും നിരവധി സുപ്രീം കോടതി വിധികളിലും വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഭരണഘടനാ സംവിധാനങ്ങളും നിയമവാഴ്ചയും ഉറപ്പാക്കുകയാണ് തന്റെ കര്‍ത്തവ്യമെന്നും ഗവര്‍ണര്‍ പറഞ്ഞു. ബ്രിട്ടിഷ് കാലത്തേതു പോലെ നിയമസഭയ്ക്കു മേല്‍ ഒരു റസിഡന്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടാണ് ഗവര്‍ണറുടെ പരാമര്‍ശം.