തൃശ്ശൂർ: പൗരത്വ നിയമ ഭേദഗതി അനുസരിച്ച് പാകിസ്താനിലേക്ക് പോകാൻ തയ്യാറെടുക്കണമെന്ന് ആവശ്യപ്പെട്ടും വിദ്യാർത്ഥിനികളോട് അശ്ലീല ചുവയോടെ സംസാരിച്ചും വിവാദത്തിലായ അധ്യാപകന് സസ്‌പെൻഷൻ. അശ്ലീലചുവയോടും മതസ്പർദ്ധ വളർത്തുന്ന തരത്തിലും ക്ലാസെടുത്ത ഹിന്ദി അധ്യാപകൻ കെകെ കലേശനെയാണ് വിദ്യാഭ്യാസ ഉപഡയറക്ടർ സസ്‌പെന്റ്‌ചെയ്തത്. കൊടുങ്ങല്ലൂർ ഗവ. ഗേൾസ് ഹൈസ്‌കൂളിലെ അധ്യാപകനാണ് കലേശൻ. ഹിന്ദി ഭാഷ പഠിപ്പിക്കുന്നതിനിടെയാണ് അധ്യാപകന് വിദ്യാർത്ഥിനികളോട് മോശമായി സംസാരിച്ചത്. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടർ നേരിട്ട് നടത്തിയ അന്വേഷണത്തെ തുടർന്നാണ് വിദ്യാഭ്യാസവകുപ്പ് നടപടിയെടുത്തത്.
ഹിന്ദിഭാഷ പഠിപ്പിക്കുന്നതിനിടയിൽ പാഠ്യവിഷയമല്ലാത്ത ബയോളജിയും സാമൂഹ്യശാസ്ത്രവും ക്ലാസെടുക്കുകയും അശ്ലീലചുവയോടെ സംസാരിച്ചതായും അന്വേഷണത്തിൽ വ്യക്തമായി. മതസ്പർദ്ധ വളർത്തുന്ന വിധത്തിലും ഇയാൾ വിദ്യാർത്ഥിനികളോട് സംസാരിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു. പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ കുട്ടികൾ പാകിസ്താനിലേക്ക് പോകാൻ തയ്യാറാകണമെന്ന് പറഞ്ഞതും അനുവദിക്കാനാകാത്ത അച്ചടക്കലംഘനമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
പരാതി അന്വേഷിക്കാൻ വ്യാഴാഴ്ച രാവിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻ ഗീത സ്‌കൂളിലെത്തിയിരുന്നു. തന്റെ വിഷയമല്ലാത്ത ബയോളജി, സാമൂഹികശാസ്ത്രം എന്നിവയിൽ ക്ലാസെടുത്തതായും അശ്ലീലച്ചുവയോടെ കുട്ടികളോട് സംസാരിച്ചതായും കണ്ടെത്തിയതായും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ രക്ഷിതാവ് അധ്യാപകനെ കുറിച്ച് പിടിഎ ഭാരവാഹിയോട് ഫോണിൽ പരാതി പറയുകയും ഇത് സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തതോടെയാണ് അധ്യാപകനെതിരെ പ്രതിഷേധം ഉയർന്നതും നടപടിക്ക് കാരണമായതും.
Discussion about this post