പത്തനംതിട്ട: മുണ്ടക്കയത്ത് നിന്നുള്ള വിദ്യാര്‍ത്ഥിനി ജെസ്ന മരിയ ജയിംസിനെ കാണാതായിട്ട് ഇന്ന് എട്ട് മാസം കഴിഞ്ഞു. കഴിഞ്ഞ മാര്‍ച്ച് 22നാണ് ജെസ്നയെ കാണാതാകുന്നത്. കഴിഞ്ഞ ആറുമാസവും അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും പോലീസിന് ലഭിച്ചിട്ടില്ല. ഐജിമനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും വിവിധ സ്ഥലങ്ങളില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല.
ജെസ്നയെ എത്രയും വേഗം കണ്ടു പിടിക്കുമെന്നാണ് പോലീസ് മേധാവി ലോക് നാഥ ബെഹ്റ പറഞ്ഞിരുന്നത്. നിശ്ചിത തീയതിക്കുള്ളില്‍ ജെസ്നയെ കണ്ടെത്തുമെന്ന് പോലീസ് ഹൈക്കോടതിയില്‍ ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ പോലീസും ജെസ്നയെ മറന്ന മട്ടാണ്. അന്വേഷണ പുരോഗതി വെളിപ്പെടുത്തണമെന്നാണ് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ ആവശ്യം .
പോലീസിന്റെ അനാസ്ഥയ്ക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയുമാണ്.
മാര്‍ച്ച് 22 ന് ജെസ്നയെ കാണാതായ ദിനം മുതല്‍ പോലീസ് കാട്ടിയ അനാസ്ഥയാണ് ഇതുവരെയും ഒരു സൂചനയും ഇത് സംബന്ധിച്ച് ലഭിക്കാഞ്ഞത്. സംസ്ഥാന സര്‍ക്കാരും ജെസ്ന കേസ് സംബന്ധിച്ച് ഇതുവരെ ഒരു താല്‍പര്യവും കാട്ടാഞ്ഞതും അന്വേഷണത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
ജെസ്നയെ അവിടെ കണ്ടു ഇവിടെ കണ്ടു എന്ന് നാട്ടുകാര്‍ പറയുമ്പോള്‍ അവിടെ ചെന്ന് അന്വേഷണം നടത്തുന്നതല്ലാതെ ഇതുവരെ ഒരു ശാസ്ത്രീയ അന്വേഷണവും നടത്തിയിട്ടില്ല. മാര്‍ച്ച് 22 ന് രാവിലെ 10.30 ന് കൊല്ലമുളയിലെ വീട്ടില്‍ നിന്ന് ഓട്ടോയില്‍ കയറി എരുമേലി വരെ എത്തി എന്ന സൂചന അല്ലാതെ ജെസ്നയുടെ തിരോധാനം സംബന്ധിച്ച് പോലീസിന് യാതൊരു തെളിവും കിട്ടിയിട്ടില്ല.
മാര്‍ച്ച് 29 ന് മുണ്ടക്കയത്തിന് സമീപം കന്നിമല വഴി ബസില്‍ ജെസ്ന യാത്ര ചെയ്തതിന്റെ സിസിടിവി ദ്യശ്യം കണ്ടെത്തിയെങ്കിലും ഇതിന് ശേഷം പോലീസ് അന്വേഷണം ഇഴഞ്ഞ് നീങ്ങുകയായിരുന്നു. ഏപ്രില്‍ ഒന്നിന് ഇത് സംബസിച്ച് നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചു എങ്കിലും കാര്യമായ ഒരു അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടില്ല. ആദ്യം വെച്ചൂച്ചിറ പോലീസും അതിന് ശേഷം റാന്നി സി ഐയുമാണ് അന്വേഷണം നടത്തിയത്. അന്വേഷണം തൃപ്തികരമല്ലാതെ മുന്നോട്ട് നീങ്ങിയപ്പോള്‍ തിരുവല്ല ഡിവൈഎസ്പിയെ അന്വേഷണച്ചുമതല ഏല്‍പ്പിച്ചു.
ഇതിനിടെ ജെസ്നയെ ബംഗളൂരുവില്‍ ഒരു ചെറുപ്പക്കാരനോടൊപ്പം കണ്ടെത്തിയെന്ന വിവരം ലഭിച്ചത്തോടെ മെയ് എട്ടിന് പോലീസ് സംഘം ബംഗളൂരുവില്‍ എത്തി അന്വേഷണം നടത്തിയെങ്കിലും ഒരു ഫലവും ഉണ്ടായില്ല.
ഇതേ തുടര്‍ന്ന് മെയ് 27 ന് അന്വേഷണ ചതല ഐ ജി മനോജ് എബ്രഹാമിനെ ഏല്‍പ്പിച്ചു. എന്നാല്‍ മനോജ് എബ്രഹാം ജെസ്നയുടെ വീട് സന്ദര്‍ശിക്കുകയോ അന്വേഷണം ഏകോപിപ്പിക്കുകയോ ചെയ്തില്ല. ജെസ്നയുടെ കുടുംബാഗങ്ങളില്‍ നിന്ന് മൊഴി എടുക്കുവാന്‍ പോലും തയ്യാറായില്ല. ഇതിവിടെ ഗോവയിലും മലപ്പുറത്തും കോഴിക്കോടുമൊക്കെ ജെസ്നയെ കണ്ടെന്ന് പറയപ്പെടുന്ന സ്ഥലങ്ങളില്‍ എല്ലാം പോലീസ് അന്വേഷിച്ച് നടന്നെങ്കിലും ഒരു തുമ്പും ലഭിച്ചില്ല.
ജെസ്നയെ കണ്ടെത്തുന്നതിന് ചില ജംഗ്ഷനുകളില്‍ അന്വേഷണ ബോക്സുകള്‍ സ്ഥാപിക്കുകയും പോസ്റ്ററുകള്‍ പതിപ്പിക്കുകയും ചെയ്തത്തോടെ നാട്ടുകാര്‍ പറഞ്ഞ സ്ഥലങ്ങള്‍ അന്വേഷിച്ച് പോലീസ് നടന്നു. മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ അന്വേഷണം പ്രഖ്യാപിച്ചത്തോടെ ജെസ്നയെ കണ്ടെത്തുന്നതിന് ഇത് സഹായകരമാകുമെന്ന് കരുതിയെങ്കിലും ലോക്കല്‍ പോലീസിനെക്കാള്‍ പരാജയപ്പെട്ട അന്വേഷണമാണ് ഇപ്പോള്‍ നടന്ന് വരുന്നത്.
ജെസ്നയേക്കുറിച്ച് തെളിവ് നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചു. ഇങ്ങനെ പാരിതോക്ഷികം പ്രഖ്യാപിച്ചും അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയും സര്‍ക്കാര്‍ ഒളിച്ച് കളിച്ചതല്ലാതെ ശാസ്ത്രീയമായ അന്വേഷണം നടത്തുവാന്‍ പോലീസിനും ഏകോപിപ്പിക്കുവാന്‍ സര്‍ക്കാരിനും കഴിഞ്ഞിട്ടില്ലെന്നതുമാണ് സത്യം.
ഇതിനിടെ കേസ് കോടതിയില്‍ എത്തുകയും കോടതി അന്വേഷണത്തിന്റെ പോരായ്മയില്‍ അതൃപ്തി അറിയിക്കുകയും ചെയ്തു. ജെസ്നയെ കാണാതായ സംഭവത്തില്‍ കുടുംബത്തിന് പങ്കുണ്ടെന്ന ആരോപണമുണ്ടായതിനെ തുടര്‍ന്ന് ജെസ്നയുടെ പിതാവ് ജെയിംസ് കരാര്‍ പണി നടത്തുന്ന വീട് പോലീസ് പൊളിച്ച് പരിശോധന നടത്തി.
ഇത് കൂടാതെ ജൂണ്‍ അഞ്ചിന് വനമേഖലയില്‍ അന്വേഷിച്ച് പോലീസ് സമയം മെനക്കെടുത്തി. പോലീസ് നടത്തിയ ഈ അന്വേഷണത്തെ രൂക്ഷമായി കോടതി വിമര്‍ശിച്ചിരുന്നു. പോലീസ് അന്വേഷണവും സര്‍ക്കാര്‍ ഏകോപനവും ഇഴഞ്ഞ് നിങ്ങുമ്‌ബോഴും ജെസ്ന ജീവനോടെ തിരിച്ച് വരുമെന്ന പ്രതീക്ഷയിലാണ് കുടുംബം. അന്വേഷണം സിബിഐയെ കൊണ്ട് നടത്തിക്കാന്‍ പറഞ്ഞാല്‍ സംസ്ഥാന സര്‍ക്കാര്‍ അതിനും തയ്യാറാകാത്ത അവസ്ഥയാണുള്ളത്.