കോട്ടയം: മൃതദേഹം ഇടവക പള്ളികളില്‍ അടക്കാനുള്ള നിയമനിര്‍മ്മാണം നടത്തിയ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഓര്‍ത്തഡോക്‌സ് സഭ. ആര്‍ക്കും എവിടെയും മൃതദേഹം സംസ്‌കരിക്കാവുന്ന അവസ്ഥ ദൂരവ്യാപക പ്രത്യാഘാതമുണ്ടാകും. ഭരിക്കുന്ന സര്‍ക്കാരുകള്‍ ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിച്ചുവേണം പ്രവര്‍ത്തിക്കേണ്ടതെന്നും ഓര്‍ത്തഡോക്‌സ് സഭയിലെ യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറസ് പ്രതികരിച്ചു.
‘മൃതദേഹം സംസ്‌കരിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് കേരളത്തിലെ എല്ലാ സഭകളെയും ബാധിച്ചു. ആര്‍ക്കും എവിടെയും മൃതദേഹം സംസ്‌കരിക്കാവുന്ന അവസ്ഥ ദൂരവ്യാപക പ്രത്യാഘാതമുണ്ടാകും. ഇപ്പോള്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ വ്യക്തതയില്ല. ഇതിനെതിരെ നിയമപരമായി മുന്നോട്ട് നീങ്ങുമെന്നും യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറസ് പ്രതികരിച്ചു.
സഭാ തര്‍ക്കത്തില്‍ സുപ്രീംകോടതി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് നല്‍കിയ അവകാശം ഓര്‍ഡിനന്‍സ് ഹനിക്കുകയാണെന്നും ചിലരെ തൃപ്തിപ്പെടുത്താന്‍ മാത്രം ഉദ്ദേശിച്ചാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. ദൈവമില്ലാത്തവര്‍ ദൈവത്തെ നിര്‍വചിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൃതദേഹം ഇടവക പള്ളികളില്‍ അടക്കം ചെയ്യാനുള്ള ഓര്‍ഡിനന്‍സ് നേരത്തെ സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. ഇതോടെ മൃതദേഹം സംസ്‌കരിക്കുന്നത് തടഞ്ഞാല്‍ ഒരു വര്‍ഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. സംസ്‌കാരത്തിന് മുന്‍പുള്ള ചടങ്ങുകള്‍ പള്ളിക്ക് പുറത്തുനടത്തണം. കുടുംബത്തിന് താല്‍പര്യമുള്ള വൈദികനെ നിയോഗിക്കാം. കുടുംബക്കല്ലറ ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഓര്‍ഡിനന്‍സ് ബാധകമാണ്.
ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാ തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ പലതവണ ശ്രമിച്ചെങ്കിലും സാധ്യമായിരുന്നില്ല. തര്‍ക്കം രൂക്ഷമായ പള്ളികളില്‍ മൃതശരീരങ്ങള്‍ മാസങ്ങളോളം അടക്കം ചെയ്യാതെ വയ്ക്കുന്ന അവസ്ഥയുണ്ടായിരുന്നു. ശവസംസ്‌കാരത്തിന്റെ പേരില്‍ പലയിടങ്ങളിലും സംഘര്‍ഷവും നടന്നിരുന്നു.
ഇക്കാര്യത്തില് ഇടപ്പട്ട കോടതിയും മനുഷ്യാവകാശ കമ്മീഷനും മൃതദേഹത്തോട് അനാദരവ് കാണിക്കരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇതോടെയാണ് സഭ തര്‍ക്കത്തില്‍ കാഴ്ചക്കാരായി നില്‍ക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതോടെയാണ് ഓര്‍ഡിനന്‍സുമായി സര്‍ക്കാര്‍ രംഗത്ത് എത്തിയത്.