ന്യൂഡല്‍ഹി: തനിക്കും കെ സുധാകരനും കോണ്‍ഗ്രസിലെ ‘ഒറ്റപ്പദവി’ ചര്‍ച്ചകള്‍ ബാധകമല്ലെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിയമനത്തിന് ഒപ്പമായിരുന്നു തങ്ങളുടെ നിയമനമെന്നും ഒരു പാക്കേജിന്റെ ഭാഗമായാണ് താനും കെ സുധാകരനുമെല്ലാം കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായതെന്നും കൊടിക്കുന്നില്‍ പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് കൊടിക്കുന്നില്‍ സുരേഷ് ഇക്കാര്യം പറഞ്ഞത്. ഇനി വരുന്നവര്‍ക്കാണ് ഒറ്റപ്പദവി നിബന്ധന ബാധകമാവുകയെന്നും അല്ലാതെ തനിക്കും സുധാകരനും ഇത് ബാധകമല്ലെന്നും കൊടിക്കുന്നില്‍ വ്യക്തമാക്കി.
കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാര്‍ ആയ തങ്ങള്‍ എംപിമാര്‍ കൂടിയാണ്. അതിനാല്‍ പദവിയില്‍ തുടരേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ് തീരുമാനിച്ചാല്‍ ശരിയാണെന്നും എന്നാല്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളില്‍ വര്‍ക്കിങ് പ്രസിഡന്റുമാരെ ഉള്‍പ്പെടുത്തേണ്ടതില്ലെന്നും കൊടിക്കുന്നില്‍ പറഞ്ഞു.