തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനും എസ്എൻഡിപി യോഗത്തിനും എതിരെ ആരോപണങ്ങൾ ഉന്നയിച്ച് നടത്തിയ വാർത്താ സമ്മേളനത്തിനിടെ ബിജെപിനേതാവും മുൻഡിജിപിയുമായ ടിപി സെൻകുമാർ മാധ്യമപ്രവർത്തകർക്ക് നേരെ തട്ടിക്കയറി. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിന് ഇടയിലാണ് സംഭവം. ചോദ്യോത്തര വേളയിൽ ടിപി സെൻകുമാറിനോട് ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകനെ സെൻകുമാർ അധിക്ഷേപിക്കുകയായിരുന്നു.
ചോദ്യം ചോദിച്ചപ്പോൾ ആദ്യം പേരുപറയണമെന്ന് സെൻകുമാർ ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകനെന്നാണ് പേരെന്ന് പറഞ്ഞപ്പോൾ നിങ്ങൾ മാധ്യമപ്രവർത്തകനാണോ എന്ന് ചോദിച്ചശേഷം നിങ്ങൾ മുന്നോട്ടുവരണമെന്നും നിങ്ങൾ മദ്യപിച്ചിട്ടുണ്ടോയെന്നും ടിപി സെൻകുമാർ ക്ഷുഭിതനായി ചോദിക്കുകയായിരുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെൻകുമാറിനെ ഡിജിപിയാക്കിയ നടപടി ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ അബദ്ധമാണെന്ന് പറഞ്ഞല്ലോ എന്നു ചോദിച്ചു തുടങ്ങിയതായിരുന്നു മാധ്യമപ്രവർത്തകൻ. ‘ടിപി സെൻകുമാറിനെ ഡിജിപിയാക്കിയ നടപടി ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ അബദ്ധമാണെന്ന് ചെന്നിത്തല പറഞ്ഞു. താങ്കൾ ഡിജിപി ആയിരുന്നപ്പോളൊന്നും വെള്ളാപ്പള്ളിയുടെ കാര്യത്തിൽ ഇടപെടാൻ സമയം കിട്ടിയില്ലേ? ഇപ്പോൾ റിട്ടേഡായാപ്പോഴേക്കും മത സ്പർധ വളർത്തുന്ന തരം കാര്യങ്ങൾ ചെയ്യുന്നു’വെന്ന് മാധ്യമപര്വർത്തകൻ പറയുന്നതിനിടെ ചോദ്യം മുഴുമിപ്പിക്കാൻ സമ്മതിക്കാതെ മാധ്യമപ്രവർത്തകനു നേരെ ആക്രോശിക്കുകയായിരുന്നു ടിപി സെൻകുമാർ.
മാധ്യമപ്രവർത്തകൻ സെൻകുമാറിന്റെ അടുത്തേക്ക് വന്നപ്പോൾ നിങ്ങളും രീതിയും സംസാരവും കണ്ടപ്പോൾ മദ്യപിച്ചതുപോലെയാണ് തോന്നുന്നത് എന്നായിരുന്നു സെൻകുമാർ പറഞ്ഞത്. ഇയാളെ പിടിച്ച് പുറത്താക്കണമെന്നും സെൻകുമാർ ആവശ്യപ്പെട്ടു. ഇതോടെ ഹാളിലേക്ക് എത്തിയ ചിലർ മാധ്യമപ്രവർത്തകനെ പിടിച്ച് പുറത്താക്കാൻ ശ്രമിക്കുകയും ഹാളിൽ ബഹളം നിറയുകയും ചെയ്തു. ഇതുകണ്ട് മറ്റ് മാധ്യമപ്രവർത്തകർ എഴുന്നേൽക്കുകയും വിഷയത്തിൽ ഇടപെടുകയും ചെയ്തതോടെ കൈയ്യാങ്കളിയിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന് തോന്നിപ്പിച്ചു. ഈ സാഹചര്യത്തിൽ സെൻകുമാറിനൊപ്പമുണ്ടായിരുന്ന എസ്എൻഡിപി നേതാവ് സുഭാഷ് വാസു എഴുന്നേറ്റ് വന്ന് രംഗം ശാന്തമാക്കാൻ ശ്രമിച്ചു. ഇതിനിടെ സെൻകുമാർ അദ്ദേഹം ചോദ്യം ചോദിക്കട്ടെ താൻ മറുപടി പറയാമെന്ന് പറഞ്ഞ് സമനില വീണ്ടെടുക്കുകയും ചെയ്തു.
പിന്നീട് മാധ്യമപ്രവർത്തകനോട്, താൻ ഇരിങ്ങാലക്കുടയിൽ വെച്ച് ചെന്നിത്തലയ്ക്കുള്ള മറുപടി നൽകിയതാണെന്നും പിന്നീട് ചെന്നിത്തല ഒരക്ഷരം ഇതേകുറിച്ച് സംസാരിച്ചിട്ടില്ലെന്നും സെൻകുമാർ പറഞ്ഞു. പത്രപ്രവർത്തകന് സാമാന്യ ബുദ്ധി വേണം. നിങ്ങൾ ഒരു മാധ്യമ പ്രവർത്തകനാണെങ്കിൽ അതാതു ദിവസത്തെ കാര്യങ്ങളെകുറിച്ച് അറിവുണ്ടാകണം. ഇപ്പോൾ ഏഴാം കൂലി വെച്ച് വെട്ടിയിട്ട്. വേണമെന്നുണ്ടെങ്കിൽ എട്ടാം കൂലി വെച്ചും വെട്ടും. സംശയം തീർന്നോ. ഇവിടെ ഉണ്ടായ കാര്യം എന്റെ കൺട്രോളില്ല. എസ്എൻഡിപിയെ പറ്റി ചോദിക്കണമെങ്കിൽ ചോദിക്കാം. അല്ലാതെ വിഷയം വഴിതിരിച്ചു വിടരുതെന്നുമായിരുന്നു ടിപി സെൻകുമാർ തുടർന്ന് പറയുകയായിരുന്നു. ടിപി സെൻകുമാറിനെ ശാന്തനാക്കാൻ അശരമിച്ച സുഭാഷ് വാസുവിനെതിരേയും ടിപി സെൻകുമാർ ദേഷ്യപ്പെട്ടതും ശ്രദ്ധേയമായി.
എസ്എൻഡിപിക്കെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ച് കൊണ്ടാണ് ടിപി സെൻകുമാർ സുഭാഷ് വാസുവിനോടൊപ്പം വാർത്താ സമ്മേളനം നടത്തിയത്. ഇതിനിടയിലാണ് മാധ്യമപ്രവർത്തകനെ അധിക്ഷേപിച്ചതും.
Discussion about this post