തിരുവനന്തപുരം: കെഎഎസ് പരീക്ഷയ്ക്കായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ അവധിയെടുക്കുന്നതിനെതിരെ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍. സര്‍ക്കാര്‍ ജോലിയില്‍ ഇരുന്നു കൊണ്ട് മറ്റൊരു ജോലിക്ക് വേണ്ടി പഠിച്ച് പരീക്ഷ എഴുതുന്നത് ചട്ടവിരുദ്ധമാണെന്ന് പൊതുഭരണ വകുപ്പ് സെക്രട്ടറിയുടെ സര്‍ക്കുലര്‍. ഏതെങ്കിലും ഉദ്യോഗസ്ഥന് പരീക്ഷയ്ക്ക് വേണ്ടി പഠിക്കണമെങ്കില്‍ ജോലി രാജിവച്ചു പഠിക്കാമെന്നും പൊതുഭരണ വകുപ്പ് സെക്രട്ടറി കെആര്‍ ജ്യോതിലാല്‍ ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
അടുത്ത മാസം നടക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് പരീക്ഷയ്ക്കായി സെക്രട്ടേറിയറ്റില്‍ മാത്രം അന്‍പത് പേരാണ് അവധി എടുത്തിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പൊതുഭരണ വകുപ്പ് സെക്രട്ടറിയുടെ സര്‍ക്കുലര്‍. ഇത്രയധികം പേര്‍ അവധിയെടുക്കുന്നത് സെക്രട്ടറിയേറ്റ് പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും ധന ബജറ്റിനായി നിയമസഭ കൂടുന്ന സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ കൂട്ടഅവധിയെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.
സര്‍ക്കാര്‍ ജോലിയില്‍ ഇരുന്നു കൊണ്ട് മറ്റൊരു ജോലിക്ക് വേണ്ടി പഠിച്ച് പരീക്ഷ എഴുതുന്നത് ചട്ടവിരുദ്ധമാണ്. പരീക്ഷ എഴുതാന്‍ താല്‍പര്യമുള്ളവര്‍ക്ക് ജോലി ഉപേക്ഷിച്ച് പഠിക്കാം. അല്ലെങ്കില്‍ ഇവര്‍ എഴുതുന്ന പരീക്ഷ അയോഗ്യമാക്കും. ജനങ്ങളെ ബുദ്ധിമുട്ടിച്ച് സ്വന്തം കാര്യം നോക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്നും സര്‍ക്കുലറില്‍ പറയുന്നു.