കൊച്ചി: തങ്ങള്‍ മാവോയിസ്റ്റുകളല്ല സിപിഎം പ്രവര്‍ത്തകരാണെന്ന് ആവര്‍ത്തിച്ച് പന്തീരങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലനും താഹയും. തങ്ങള്‍ മാവോയിസ്റ്റുകളാണെന്ന് പറയുന്ന മുഖ്യമന്ത്രി തെളിവ് കൊണ്ടുവരട്ടെ എന്നും യുവാക്കള്‍ പറഞ്ഞു. എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു ഇരുവരുടെയും പ്രതികരണം.
ഞങ്ങള്‍ മാവോയിസ്റ്റുകള്‍ അല്ല. സിപിഎം പ്രവര്‍ത്തകരാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎം ബൂത്ത് ഏജന്റ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. വോട്ട് പിടിക്കാനും പോസ്റ്റര്‍ ഓടിക്കാനും തെണ്ടി നടന്നവരാണ് തങ്ങള്‍. ഞങ്ങള്‍ മാവോയിസ്റ്റുകള്‍ ആണെന്ന് പറയുന്ന മുഖ്യമന്ത്രി തങ്ങള്‍ ആരെയാണ് കൊന്നതെന്നും എവിടെയാണ് ബോംബ് വെച്ചതെന്നതിനും തെളിവ് കൊണ്ടുവരട്ടെയെന്ന് ഇരുവരും കൊച്ചിയില്‍ പറഞ്ഞു.
അതേസമയം, കേസില്‍ അലന് ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ കൊച്ചി എന്‍ഐഎ കോടതി ഫെബ്രുവരി 14വരെ റിമാന്‍ഡ് ചെയ്തു. എന്‍ഐഎ നല്കിയ കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും. എന്‍ഐഎ കേസ് ഏറ്റെടുത്ത ശേഷം ആദ്യമായാണ് ഇരുവരെയും കോടതിയിലേക്ക് എത്തിച്ചത്. കഴിഞ്ഞ നവംബറിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
Discussion about this post