അഗസ്ത്യാര്‍കൂട സന്ദര്‍ശനത്തിന് തുടക്കം; ഇത്തവണ 3600 പേര്‍ മലകയറും; 170 പേര്‍ സ്ത്രീകള്‍

തിരുവനന്തപുരം : ഈ വര്‍ഷത്തെ അഗസ്ത്യാര്‍കൂട സന്ദര്‍ശനത്തിന് തുടക്കമായി. ഫെബ്രുവരി 18 വരെ നീളുന്ന സന്ദര്‍ശനകാലത്ത് 3600 പേരാണ് മലകയറുക. ഇതില്‍ 170 പേര്‍ സ്ത്രീകളാണ്. രണ്ടു വിദേശികളും മല കയറാനുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ആദ്യമായി സ്ത്രീകള്‍ക്ക് അഗസ്ത്യാര്‍കൂട ട്രക്കിങ്ങിന് അനുമതി നല്‍കിയത്.

ബോണക്കാട് ഫോറസ്റ്റ് പിക്കറ്റ് സ്റ്റേഷനില്‍ നിന്ന് മൂന്നു സ്ത്രീകളടങ്ങുന്ന 116 അംഗ സംഘം പുറപ്പെട്ടതോടെയാണ് ഇക്കൊല്ലത്തെ അഗസ്ത്യാര്‍കൂട സന്ദര്‍ശനത്തിന് തുടക്കമായത്. ബോണക്കാട് ഫോറസ്റ്റ് പിക്കറ്റ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ബോണക്കാട് പഞ്ചായത്തംഗം സതീഷ് കുമാര്‍ ആദ്യയാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു.

കഴിഞ്ഞവര്‍ഷത്തേക്കാളും ഈ വര്‍ഷം സ്ത്രീ പങ്കാളിത്തം കൂടുതലാണ്. കഴിഞ്ഞ തവണ 103 പേരാണ് മല ചവിട്ടിയത്. ഇത്തവണ പ്രത്യേകം പരിശീലനം സിദ്ധിച്ച 32 ഗൈഡുകളും വനപാലകരും സന്ദര്‍ശകര്‍ക്ക് വഴികാട്ടികളാകും. പത്തുപേരടങ്ങുന്ന ഓരോ ഗ്രൂപ്പിനും ഒരു ഗൈഡിന്റെ സേവനം ലഭ്യമാകും.

ലാത്തിമൊട്ട, കരമനയാര്‍, അട്ടയാര്‍, എഴുമടക്കന്‍ തേരി, അതിരുമല എന്നിവിടങ്ങളില്‍ ഇടത്താവളങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അതിരുമലയില്‍ മാത്രമാണ് താമസസൗകര്യം സജ്ജമാക്കിയിട്ടുള്ളത്.ബോണക്കാട് പിക്കറ്റ് സ്റ്റേഷന്‍, അതിരുമല ക്യാമ്പ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ക്യാന്റീന്‍ സൗകര്യവും വനം വകുപ്പ് ഉറപ്പാക്കിയിട്ടുണ്ട്.

Exit mobile version