കോഴിക്കോട്; പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് കുറ്റ്യാടിയില്‍ ബിജെപി നടത്തിയ വിശദീകരണ പരിപാടി ബഹിഷ്‌കരിച്ച് കടകള്‍ അടക്കാന്‍ ആഹ്വാനം ചെയ്തുവെന്നതിന്റെ പേരില്‍ ഏഴു പേര്‍ക്കെതിരെ സ്വമേധയാ കേസെടുത്തതായി പോലീസ്. ബിജെപി നടത്തിയ വിദ്വേഷ മാര്‍ച്ചിനെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രിമാര്‍ അടക്കം രംഗത്ത് വരുന്നതിന് ഇടയാണ് കട അടച്ചവര്‍ക്കെതിരെ കേസുമായി പോലീസ് മുന്നോട്ട് പോകുന്നത് എന്നാണ് ശ്രദ്ധേയം.
പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് ബിജെപിയുടെ വിശദീകരണ പരിപാടിയായ ദേശരക്ഷാ മാര്‍ച്ച് തുടങ്ങും മുമ്പാണ് വ്യാപാരികള്‍ കടകള്‍ അടച്ച് വീട്ടില്‍ പോയത്. ഇതിന് പിന്നാലെ വിദ്വേഷ മുദ്രാവാക്യങ്ങളുയര്‍ത്തി ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. വിദ്വേഷ പ്രചരണം നടത്തിയവര്‍ക്ക് എതിരെ നേരത്തെ പോലീസ് കേസ് എടുത്തിരുന്നു. മതസ്പര്‍ദ്ധ വളര്‍ത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കുറ്റ്യാടി പോലീസ് കേസെടുത്തിരിക്കുന്നത്.
‘ഉമ്മപ്പാല്‍ കുടിച്ചെങ്കില്‍ ഇറങ്ങിവാടാ പട്ടികളേ, ഓര്‍മയില്ലേ ഗുജറാത്ത്’ എന്നു തുടങ്ങി അങ്ങേയറ്റം വിദ്വേഷം നിറച്ച മുദ്രാവാക്യങ്ങളാണ് ജാഥയിലുടനീളം ബിജെപി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. ബിജെപി കുറ്റ്യാടി മണ്ഡലം കമ്മറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശാണ് റാലി ഉദ്ഘാടനം ചെയ്തത്.
Discussion about this post