കുവൈത്ത് സിറ്റി: ജനുവരി 24 മുതല്‍ മാര്‍ച്ച് 28 വരെ കണ്ണൂരില്‍ നിന്ന് കുവൈത്തിലേക്കുള്ള പ്രതിദിന സര്‍വ്വീസ് അവസാനിപ്പിക്കാനൊരുങ്ങി ഗോ എയര്‍. ഇക്കാലയളവിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ഗോ എയര്‍ അവസാനിപ്പിച്ചു. ട്രാവല്‍ ഏജന്‍സികള്‍ക്കും സര്‍വ്വീസ് നിര്‍ത്തുന്നത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടുണ്ട്.
കുവൈത്തില്‍ നിന്ന് എല്ലാ ദിവസവും രാത്രി 11.55ന് പുറപ്പെടുന്ന വിമാനം രാവിലെ 7.30നാണ് കണ്ണൂരില്‍ എത്തിയിരുന്നത്. തിരികെ രാത്രി 8.30ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 11ന് കുവൈത്തില്‍ എത്തിച്ചേര്‍ന്നിരുന്നു.
എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ കുവൈത്ത് വിമാനത്താവളത്തില്‍ നേരിട്ട സാങ്കേതിക പ്രശ്നങ്ങള്‍ കാരണം സര്‍വ്വീസുകള്‍ നാല് മണിക്കൂറോളം വൈകിയിരുന്നു. ഒരേ വിമാനം തന്നെ മടക്കയാത്രയ്ക്കും ഉപയോഗിക്കുന്നതിനാല്‍ തിരികെയുള്ള സര്‍വ്വീസും വൈകി. ഇതേ തുടര്‍ന്നാണ് പ്രതിദിന സര്‍വ്വീസ് അവസാനിപ്പിക്കാന്‍ ഗോ എയര്‍ തീരുമാനിച്ചത്.
ഒക്ടോബര്‍ മാസത്തില്‍ ഇന്റിഗോയും കുവൈത്തിലേക്കുള്ള സര്‍വീസ് റദ്ദാക്കിയിരുന്നു. ഇതേ തുടര്‍ന്ന് മലബാര്‍ മേഖലയിലുള്ള പ്രവാസികള്‍ക്ക് ഏക ആശ്രയമായിരുന്നു ഗോ എയര്‍ വിമാനം. എന്നാല്‍ ഈ മാസം മുതല്‍ ഈ സര്‍വ്വീസും നിര്‍ത്തലാക്കുന്നതോടെ ആശങ്കയിലായിരിക്കുകയാണ് മലബാറിലെ പ്രവാസികള്‍.
കണ്ണൂരില്‍ നിന്ന് നേരിട്ട് കുവൈത്തിലേക്ക് സര്‍വ്വീസ് ഇല്ലാത്തതിനാല്‍ ചൊവ്വ, ശനി ദിവസങ്ങളില്‍ ബഹ്റൈന്‍ വഴിയുള്ള എയര്‍ഇന്ത്യ എക്സ്പ്രസിന്റെ കണക്ഷന് സര്‍വ്വീസാണ് ഇനി കണ്ണൂരില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ഏക ആശ്രയം.
Discussion about this post