കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുകൊണ്ടുള്ള ബിജെപിയുടെ യോഗത്തില്‍ കടകളടച്ച് വ്യാപാരികള്‍ പ്രതിഷേധിച്ചു. കോഴിക്കോട് എകരൂലിലാണ് സംഭവം. ബിജെപി പൊതുയോഗം ആരംഭിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്നേ തന്നെ വ്യാപാരികളെല്ലാം കടകളച്ചു സ്ഥലം വിടുകയായിരുന്നു.
പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് എകരൂലിലെ എസ്റ്റേറ്റ് മുക്കില്‍ വൈകുന്നേരം അഞ്ച് മണിയ്ക്കായിരുന്നു ബിജെപി പൊതുയോഗം സംഘടിപ്പിച്ചത്. എന്നാല്‍ മൂന്ന് മണിയായപ്പോള്‍ തന്നെ വ്യാപാരികളെല്ലാം കൂട്ടത്തോടെ കടകളടച്ച് വീട്ടിലേക്ക് മടങ്ങി.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധമായി കൂടിയായാണ് തങ്ങള്‍ കടകളടച്ചതെന്ന് വ്യാപാരികള്‍ വ്യക്തമാക്കി. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും പ്രതിഷേധത്തില്‍ പങ്കാളികളായി. സമാനരീതിയിലുള്ള സംഭവം ഇതിന് മുമ്പും ഉണ്ടായിരുന്നു.
ആലപ്പുഴയില്‍ ബിജെപി സംഘടിപ്പിച്ച ജനജാഗ്രത സദസ്സ് വ്യാപാരികളും നാട്ടുകാരു ബഹിഷ്‌കരിച്ചത് വലിയ വാര്‍ത്തയായിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ മാത്രമായിരുന്നു പരിപാടിയില്‍ കാണികളായി ഉണ്ടായിരുന്നത്. കുറ്റ്യാടിയിലും നരിക്കുനിയിലും സമാനമായ രീതിയില്‍ വ്യാപാരികള്‍ ബിജെപിയുടെ വിശദീകരണം ബഹിഷ്‌കരിച്ചിരുന്നു.