തിരുവനന്തപുരം: ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ചതിന്റെ പേരില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ചിട്ടും പുതിയകേസുകളില്‍ അറസ്റ്റ് തുടരുന്നതിനാല്‍ പുറത്തിറങ്ങാനാകാതെ ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. ഇതിനിടെ സുരേന്ദ്രന് പ്രതിയല്ലാത്ത കേസുകളിലും പ്രതിയാണെന്ന് കാണിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി അബദ്ധം കാണിച്ചിരിക്കുകയാണ് പോലീസ്. കെ സുരേന്ദ്രനെതിരെ പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഗുരുതര പിഴവ് കടന്നുകൂടിയത്. പിഴവ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പോലീസ് പുതിയ റിപ്പോര്‍ട്ട് നല്കി.
കെ സുരേന്ദ്രന് നല്കിയ ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ട് പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പിഴവുകളുള്ളത്. സുരേന്ദ്രന് ഏഴു കേസുകളില്‍ പ്രതിയാണെന്നാണ് പത്തനംതിട്ട മുന്‍സിഫ് കോടതിയില്‍ പമ്പ പോലീസ് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
സുരേന്ദ്രനെതിരെ കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ അഞ്ചു കേസുണ്ടെന്നും നെടുമ്പാശേരിയിലും കണ്ണൂരുമായി രണ്ടു കേസുകളുണ്ടെന്നുമാണ് കോടതിയെ അറിയിച്ചത്. ഇതില്‍ കന്റോണ്‍മെന്റ് സ്റ്റേഷനിലെ കേസ് നമ്പരുകള്‍ രേഖപ്പെടുത്തിയതിലാണ് പിഴവുണ്ടായത്.
റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച അഞ്ചുകേസുകളിലും സുരേന്ദ്രന് പ്രതി ആയിരുന്നില്ല. ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് പ്രതിയായ ഒരു കേസ് സുരേന്ദ്രന്റെ പേരിലാണെന്ന് തെറ്റിദ്ധരിച്ചാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്.
ബിജെപിയുടെ സമരവുമായി ബന്ധപ്പെട്ടുള്ളതാണ് മറ്റൊരു കേസ്. എന്നാല്‍ ഇതില്‍ സുരേന്ദ്രന് പ്രതിയായിരുന്നില്ല. മറ്റ് മൂന്നുകേസുകളില്‍ ഒന്ന് അസ്വാഭാവിക മരണത്തിന് എടുത്തതായിരുന്നു. മറ്റൊന്ന് മദ്യപിച്ച് വാഹനമോടിച്ചതിന് ഒരു ഓട്ടോ ഡ്രൈവര്‍ക്കെതിരെ എടുത്തതും. 1524-2018 എന്ന കേസ് ഇതുവരെ രജിസ്റ്റര്‍ പോലും ചെയ്യാത്തതാണ്.
കേസ് നമ്പരും വര്‍ഷവും കേട്ടെഴുതിയതിനിടെ വന്ന പിഴവെന്നാണ് പോലീസ് നല്കുന്ന വിശദീകരണം. പിഴവ് കണ്ടെത്തിയതോടെ പോലീസ് റിപ്പോര്‍ട്ട് തിരുത്തി നല്‍കുകയായിരുന്നു.
പുതിയ റിപ്പോര്‍ട്ട് പ്രകാരം അഞ്ചു കേസുകളാണ് കെ സുരേന്ദ്രനെതിരെയുള്ളത്. സെക്രട്ടറിയേറ്റിനു മുന്നിലെ സമരവുമായി ബന്ധപ്പെട്ട് കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത മൂന്നു കേസുകളും കണ്ണൂരും നെടുമ്പാശേരിയിലുമുള്ള രണ്ട് കേസുകളുമാണിത്.
Discussion about this post