കൊച്ചി: സുപ്രീം കോടതിയുടെ നിർദേശ പ്രകാരം മരടിലെ നാല് ഫ്ളാറ്റുകൾ പൊളിച്ചു നീക്കിയെങ്കിലും ഫ്ളാറ്റുകൾ നിന്നിരുന്ന സ്ഥലത്തെ ചൊല്ലി ഇനിയും ആശങ്ക. സ്ഥലം ഏറ്റെടുക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചെങ്കിലും ഫ്ളാറ്റ് നിർമ്മാതാക്കൾക്കും ഉടമകൾക്കും സ്ഥലത്തിന് അവകാശമുണ്ടെന്ന വാദത്തിൽ ഇടപെടാൻ തയ്യാറായില്ല. നിർമ്മിതി പൊളിച്ച സ്ഥിതിക്ക് സ്ഥലത്തിന്മേൽ ഫ്ളാറ്റ് ഉടമകൾക്ക് ആനുപാതിക അവകാശമുണ്ടെന്ന വാദങ്ങൾ ഉടമകളും നിർമ്മാതാക്കളും തമ്മിൽ ചർച്ച ചെയ്ത് തീർക്കണമെന്നാണ് സർക്കാർ നിലപാട്. ഇല്ലെങ്കിൽ നിയമവഴി തേടണം. ഇക്കാര്യത്തിൽ സർക്കാർ ഇടപെടിലിനില്ല. ഈ ഭൂമി സർക്കാർ ഏറ്റെടുത്ത് മുമ്പുണ്ടായിരുന്നതുപോലെ കണ്ടൽക്കാട് പിടിപ്പിക്കണമെന്നുള്ള ഉപദേശങ്ങളൊക്കെ ഉയർന്നെങ്കിലും സർക്കാർ ഭൂമിയല്ലാത്തതിനാൽ ഏറ്റെടുക്കണമെങ്കിൽ ഭീമമായ തുക വേണ്ടിവരുന്നതിനാൽ സർക്കാർ ഇക്കാര്യത്തിൽ നിന്നും പിന്നോട്ടടിക്കുകയായിരുന്നു.
അതിനാൽ തന്നെ, മരടിലെ ഫ്ളാറ്റ് നിന്നിരുന്ന സ്ഥലം സർക്കാർ ഏറ്റെടുക്കില്ല. സ്ഥലം നിർമ്മാതാക്കളുടെ പേരിൽ തന്നെയായിരിക്കും. ഭൂമി നിയമാനുസൃതമായാകും ഉപയോഗിക്കുന്നതെന്ന് തുടർകാലങ്ങളിൽ സർക്കാർ ഉറപ്പാക്കും. മുൻവർഷത്തെ തീരദേശപരിപാലന നിയമഭേദഗതിപ്രകാരം തീരത്തുനിന്ന് 20 മീറ്റർ അകലെ നിർമ്മാണം നടത്താം. ചട്ടം വിജ്ഞാപനം ചെയ്തിട്ടില്ല. പുതിയ നിയമപ്രകാരം നിയന്ത്രണങ്ങൾക്ക് വിധേയമായി ഈ ഭൂമിയിൽ നിർമ്മാണം അനുവദിക്കാനും സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ 20 മീറ്റർ മാറി ഇതേ സ്ഥലത്ത് ഫ്ളാറ്റുകളും ഉയർന്നേക്കാം.
നിയമവും ചട്ടവും ലംഘിച്ച് നിർമ്മിച്ച മറ്റു കെട്ടിടങ്ങളുടെ സ്ഥിതിവിവരവും കോടതി നിർദേശപ്രകാരം സർക്കാർ ശേഖരിക്കുന്നുണ്ട്. നിയമലംഘനം കണ്ടെത്തുന്ന കെട്ടിടങ്ങളുടെ കാര്യത്തിലും സമാന നിർദേശമുണ്ടാകുമെന്ന വിലയിരുത്തലിലാണ് സർക്കാർ. ഇത്രയും ഫ്ളാറ്റുകൾ പൊളിക്കാൻ ചെലവായത് 60 കോടി രൂപയാണ്. ഈ തുകയും നഷ്ടപരിഹാരവും നിർമ്മാതാക്കളിൽനിന്ന് പിടിക്കാനുള്ള നടപടികളിലേക്ക് സർക്കാർ കടക്കുകയാണ്. രണ്ടു നിർമ്മാതാക്കൾ രണ്ടുകോടിരൂപ വീതം സർക്കാരിലേക്ക് അടച്ചിട്ടുണ്ട്. സുപ്രീംകോടതിയും നിർമ്മാതാക്കളിൽനിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന് നിർദേശിച്ചിരുന്നു.
ഫ്ളാറ്റ് വാങ്ങിയവർക്ക് 25 ലക്ഷംരൂപ വരെ നൽകുന്ന നഷ്ടപരിഹാര തുക നിർമ്മാതാക്കളിൽനിന്ന് ഈടാക്കണോയെന്ന കാര്യത്തിൽ സർക്കാർ തീരുമാനത്തിലെത്തിയിട്ടില്ല. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലേ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകൂ.