ന്യൂഡല്‍ഹി: നാളെ മുതല്‍ രാജ്യത്തെ ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് സംവിധാനം പൂര്‍ണതോതില്‍ നടപ്പാക്കും. നാളെ മുതല്‍ ഒരു ട്രാക്കില്‍ മാത്രമേ പണം നേരിട്ട് നല്കാവുന്ന സംവിധാനം ഉണ്ടാവുകയുള്ളൂ. ഒരു ട്രാക്ക് ഒഴികെ ബാക്കിയെല്ലാ ട്രാക്കുകളിലും ഫാസ്ടാഗ് സംവിധാനം നടപ്പാക്കും.
ഫാസ്ടാഗ് സംവിധാനം നേരത്തെ നടപ്പാക്കണമെന്ന് ഉത്തരവുണ്ടായിരുന്നെങ്കിലും, ടോള്‍ പ്ലാസകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ഫാസ്ടാഗ് സംവിധാനം പൂര്‍ണതോതില്‍ നടപ്പാക്കുന്നത് ജനുവരി 15 വരെ നീട്ടിവെയ്ക്കുകയായിരുന്നു.
ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് സംവിധാനം പൂര്‍ണതോതില്‍ നടപ്പാകുന്നതോടെ ഫാസ് ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ ഈ ഒറ്റവരിയില്‍ പോകേണ്ടി വരും. പാലിയേക്കര ടോള്‍ പ്ലാസയില്‍ ഒരു വശത്തേയ്ക്ക് കടന്നുപോകുന്നതിനുളള ആറു ട്രാക്കുകളില്‍ ഒരെണ്ണം ഒഴികെ ബാക്കിയെല്ലാ ട്രാക്കുകളിലും ഫാസ്ടാഗ് ഇല്ലാതെ കടന്നുപോകാന്‍ സാധിക്കുകയില്ല.
നിലവില്‍ നിരവധിവാഹനങ്ങള്‍ ഇപ്പോഴും ഫാസ് ടാഗ് എടുത്തിട്ടില്ല. ഈ സ്ഥിതിക്ക് ഒരു ട്രാക്കിലൂടെ മാത്രം വാഹനങ്ങള്‍ കടത്തിവിടുന്നത് പാലിയേക്കര ടോള്‍ പ്ലാസയില്‍ വാഹനങ്ങളുടെ നീണ്ട ക്യൂ പ്രത്യക്ഷപ്പെടാന്‍ ഇടയാക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
Discussion about this post