ഇത് അര്‍ഹിച്ച അധ്വാനത്തിന്റെ വിജയം! കരുംകുളം മത്സ്യത്തൊഴിലാളി കുടുംബാംഗം കുമാര്‍ സ്വന്തമാക്കിയത് സ്റ്റെര്‍ലിങ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം; അഭിമാനകരമായ നേട്ടം സമര്‍പ്പിച്ചത് ഓഖിയില്‍ നഷ്ടപ്പെട്ട അളിയന്

കേരളത്തിന് തന്നെ അഭിമാനമായി സ്റ്റെര്‍ലിംഗ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംഎസ്‌സി മറൈന്‍ ബയോടെക്നോളജിയില്‍ ബിരുദാനന്തര ബിരുദമാണ് ഈ യുവാവ് കരസ്ഥമാക്കിയിരിക്കുന്നത്.

തിരുവനന്തപുരം: കരുംകുളം കടപ്പുറത്ത് കഷ്ടപ്പാടുകള്‍ക്കിടയില്‍ നിന്നും കഠിനാധ്വാനത്താല്‍ വിജയം സ്വന്തമാക്കിയ കഥയാണ് കുമാര്‍ എന്ന മത്സ്യത്തൊഴിലാളി കുടുംബാഗത്തിന് പങ്കുവെയ്ക്കാനുള്ളത്. കേരളത്തിന് തന്നെ അഭിമാനമായി സ്റ്റെര്‍ലിംഗ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംഎസ്‌സി മറൈന്‍ ബയോടെക്നോളജിയില്‍ ബിരുദാനന്തര ബിരുദമാണ് ഈ യുവാവ് കരസ്ഥമാക്കിയിരിക്കുന്നത്. തിരുവനന്തപുരത്തെ കരുംകുളം എന്ന തീരപ്രദേശത്ത് നിന്നുമാണ് കുമാര്‍ കരുംകുളം സ്റ്റെര്‍ലിംഗ് യൂണിവേഴ്‌സിറ്റിയില്‍ ബിരുദാനന്തര ബിരുദത്തിനായ് പോയത്.

തന്റെ നേട്ടം ഓഖി ദുരന്തത്തില്‍ മരണപ്പെട്ട അളിയന് സമര്‍പ്പിക്കുന്നതായി കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ശാസ്ത്രസാങ്കേതിക വിദ്യ ഉപയോഗിച്ച് മത്സ്യതൊഴിലാളികളുടെ ജീവിതം സംരക്ഷിക്കുന്നതില്‍ ഇനി തനിക്കും പങ്കുണ്ടെന്നും കുമാര്‍ പറയുന്നു.

ലോകത്തെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റികളില്‍ ഒന്നാണ് യുകെയിലെ സ്റ്റെര്‍ലിംഗ് യൂണിവേഴ്‌സിറ്റി. ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കുന്ന ഷെവനിങ്ങ് സ്‌കോളര്‍ഷിപ്പോടു കൂടിയാണ് കുമാര്‍ പഠനം പൂര്‍ത്തിയാക്കിയത്.

കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സ്റ്റിര്‍ലിംഗ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മറൈന്‍ ബയോടെക്‌നോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ സന്തോഷം ആദ്യമേ പങ്കുവയ്ക്കുന്നു. കരുംകുളത്തെ കൊച്ചുകടപ്പുറത്തുനിന്നും വിശാലമായ ഈ ലോകവേദിയിലേക്ക് എന്നെ ഗൗണണിയിപ്പിച്ച് നിര്‍ത്തിയ തണല്‍ മരങ്ങളെ നന്ദിയോടെ ഓര്‍ക്കുന്നു..
ആ സുമനസുകളുടെ സ്നേഹാനുവാദത്തോടെ ഈ നേട്ടം എന്റെ പ്രിയപ്പെട്ട അളിയന് സമര്‍പ്പിക്കുകയാണ്..

ഒരുപാട് വേദികളില്‍ നിന്ന് അനുമോദനങ്ങള്‍ വാങ്ങിവരുമ്പോള്‍ ആ ഉപഹാരങ്ങളൊക്കെ കയ്യിലെടുത്ത് ഒത്തിരി നേരം അഴകുനോക്കിയിരിക്കുമായിരുന്നു അളിയന്‍.. ചേര്‍ത്തുപിടിച്ച് തോളില്‍ തട്ടി ഇനിയുമൊരുപാട് മുന്നേറണമെന്ന് വാഴ്ത്തുമായിരുന്നു..
കഴിഞ്ഞ നവംബറിലെ വീഡിയോ കോളില്‍നിന്നും വിട പറഞ്ഞുമറയുമ്പോള്‍ ഒരിക്കലും നിരുവിച്ചിരുന്നില്ല,അത് ഓഖിയിലുലഞ്ഞ് കടലിലമരുന്നതിന് മുന്നേയുള്ള യാത്രപറച്ചിലാണെന്ന്..
അപൂര്‍ണ്ണമായ ശാസ്ത്ര സാങ്കേതിക വിദ്യകളുടെയും അപാകമായ വിവര വിനിമയ സംവിധാങ്ങളുടെയും രക്തസാക്ഷികളായി, തീരത്തുനിന്നും വീണ്ടും നിലവിളികളുയരാതിരിക്കാന്‍ എനിക്കുമിനി പ്രതിബദ്ധതയുണ്ടെന്ന ബോധ്യത്തോടെ , ഓഖിയുടെ നൊമ്പരകൂടാരത്തിലെ ആത്മാക്കള്‍ക്കൊപ്പം ചിരിക്കുന്ന എന്റെ അളിയന്റെ കൈകളിലേക്ക് ഈ ബിരുദപത്രം വച്ചുനല്‍കുകയാണ്..
കടലാഴങ്ങളിരുന്ന് ഇതിന്റെയും അഴകുനോക്കി എന്നെയും എനിക്കൊപ്പം വരുന്നവരെയും മുന്നേറാനിനിയും വാഴ്ത്തുമെന്ന പ്രതീക്ഷയോടെ..

കടലുതാണ്ടി സ്വപ്നം കാണാന്‍ പഠിപ്പിച്ചതിന്,
ജ്യേഷ്ഠനായി,സുഹൃത്തായി,വഴികാട്ടിയായി കൂടെനിന്നതിന്..

Johnson Jament ഈ കുപ്പായം നിങ്ങള്‍ക്കുള്ളതാണ്…
ഈ തലച്ചാര്‍ത്ത് കോസ്റ്റല്‍ സ്റ്റുഡന്റ്സ് കള്‍ച്ചറല്‍ ഫോറത്തിനും..

എന്റെ വഴികളില്‍ വിയര്‍പ്പാറ്റിച്ചുവന്നുനിന്നവരേ നന്ദി..

Exit mobile version