തിരുവാഭരണ ഘോഷയാത്ര കടന്ന് പോകുമ്പോള്‍ മത്സ്യമാംസ വ്യാപാരം നിര്‍ത്തിവെയ്ക്കണം; വര്‍ഷങ്ങളായി തുടരുന്ന നടപടിയെന്ന് അധികൃതര്‍

പത്തനംതിട്ട: തിരുവാഭരണ ഘോഷയാത്ര കടന്ന് പോകുന്നതിന്റെ ഭാഗമായി ഇന്നലെയും ഇന്നും വടശ്ശേരിക്കരയില്‍ മത്സ്യമാംസ വ്യാപാരം നിര്‍ത്തിവെയ്ക്കണമെന്ന പഞ്ചായത്തിന്റെ നിര്‍ദ്ദേശത്തില്‍ തദ്ദേശഭരണമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി. പഞ്ചായത്തിന്റെ നടപടിയെ എതിര്‍ത്തും അനുകൂലിച്ചും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു.

ഇതിന് പിന്നാലെയാണ് വിഷയത്തില്‍ തദ്ദേശഭരണമന്ത്രി എസി മൊയ്തീന്റെ ഓഫീസ് ഇടപെട്ടത്. അതേസമയം, തിരുവാഭരണ ഘോഷയാത്ര കടന്ന് പോകുന്നതിന്റെ ഭാഗമായി മത്സ്യമാംസ വ്യാപാരം നിര്‍ത്തിവെയ്ക്കുന്നത് വര്‍ഷങ്ങളായി തുടരുന്ന നടപടിയാണെന്നും ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് അനാവശ്യ വിവാദമാണെന്നുമാണ് പഞ്ചായത്തിന്റെ മറുപടി.

തിരുവാഭരണ ഘോഷയാത്ര കടന്ന് പോയതിന് പിന്നാലെ കടകളെല്ലാം തുറക്കാറാണ് പതിവെന്നും പഞ്ചായത്ത് പ്രസിഡണ്ട് ഷാജി മാലപ്പള്ളിയും സെക്രട്ടറി ജ്യോതിയും വിശദീകരിച്ചു. ഇന്നലെയും ഇന്നും ഇറച്ചിക്കടകള്‍, കോഴിക്കടകള്‍, മീന്‍ വില്‍ക്കുന്ന കടകള്‍ എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്നായിരുന്നു പഞ്ചായത്ത് സെക്രട്ടറിയുടെ നിര്‍ദ്ദേശം.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഘോഷയാത്രക്കിടെ തീര്‍ത്ഥാടകര്‍ കുളിക്കുമ്പോള്‍ നദിയില്‍ അറവു മാലിന്യങ്ങളും അവശിഷ്ടങ്ങളും പൊന്തിയിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് എല്ലാ വര്‍ഷവും മത്സ്യമാംസ വ്യാപാരം നിര്‍ത്തിവയ്ക്കണമെന്ന നിര്‍ദ്ദേശം നല്‍കുന്നതെന്ന് പഞ്ചായത്ത് സെക്രട്ടറി വിശദീകരിച്ചു.

Exit mobile version