പാലക്കാട്: സംസ്ഥാനത്തൊട്ടാകെ പൗരത്വ നിയമഭേദഗതിക്ക് എതിരെ രോഷം ഉയരുന്നതിനിടെ നിയമത്തിനെതിരെ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് നഗരസഭ കൗൺസിലിൽ പ്രതിപക്ഷ ബഹളം. നഗരസഭാധ്യക്ഷ പ്രമേയം പാസാക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് നഗരസഭാ കൗൺസിലിൽ തർക്കവും കൈയ്യാങ്കളിയുമുണ്ടായത്. നഗരസഭയുടെ അധികാര പരിധിയിലുളളതല്ല പ്രമേയമെന്നാണ് ഭരണകക്ഷിയായ ബിജെപിയുടെ നിലപാട്.
സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭയിൽ ഇത് മൂന്നാം തവണയാണ് ഈ വിഷയത്തിൽ കൗൺസിൽ തടസപ്പെടുന്നത്. നിയമ ഭേദഗതിക്കെതിരായ പ്രമേയം ചർച്ചയ്ക്ക് എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് നഗരസഭയിൽ ഇന്നും പ്രതിപക്ഷ അംഗങ്ങൾ ബഹളം വെച്ചത്. കഴിഞ്ഞ മാസം 18നാണ് പാലക്കാട് നഗരസഭയിലെ സിപിഎം അംഗങ്ങൾ പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രമേയം കൊണ്ടുവന്നത്. യുഡിഎഫ് പ്രമേയത്തെ പിന്തുണയ്ക്കുകയും ചെയ്തു. എന്നാൽ പ്രമേയം അവതരിപ്പിക്കാനാവില്ലെന്ന് നഗരസഭാധ്യക്ഷയും ബിജെപി കൗൺസിലർമാരും നിലപാടെടുത്തതോടെ അന്നും സമാനമായി ബഹളവും ഏറ്റുമുട്ടലും ഉണ്ടായിരുന്നു.
നഗരസഭയുടെ അധികാര പരിധിക്ക് പുറത്തുള്ള വിഷയം ആയതിനാൽ ചർച്ച ചെയ്യാൻ ആവില്ലെന്നാണ് ഭരണകർത്താക്കളുടെ നിലപാട്. പ്രമേയത്തിന് അവതരണാനുമതി ലഭിക്കുന്നത് വരെ നഗരസഭാ കൗൺസിലിൽ സഹകരിക്കില്ലെന്നാണ് സിപിഎമ്മിന്റേയും യുഡിഎഫിന്റേയും നിലപാട്.