പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിന് പരസ്യമായി മകന്റെ കരണത്തടിച്ചു; ടീച്ചര്‍മാരോട് തട്ടിക്കയറി; ലവലേശം പോലും ദയ ഇല്ലാതെ പിതാവിന്റെ ക്രൂരത; രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍മീഡിയ

ആലപ്പുഴ: പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞെന്ന പേരില്‍ സ്വന്തം മകനെ ആള്‍ക്കാരുടെ മുന്നില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ച ഒരു പിതാവാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ വില്ലന്‍. മാര്‍ക്ക് കുറഞ്ഞെന്ന പേരില്‍ ജന്മം നല്‍കിയ കുഞ്ഞാണെന്ന ബോധം പോലുമില്ലാതെ ലവലേശം ദയ പോലുമില്ലാതെയാണ് കുഞ്ഞിന്റെ കരണം നോക്കി പിതാവ് അടിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.

കുഞ്ഞിനെ തല്ലുന്നത് കണ്ട് ക്ലാസിലെ ടീച്ചറും കുട്ടികളും മറ്റ് രക്ഷിതാക്കളും തരിച്ചു നില്‍ക്കുകയാണ്. ആലപ്പുഴ അരൂരിലെ മേഴ്‌സി സ്‌കൂളിലാണ് ഈ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. അതിനിടെ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ ഇയാള്‍ ടീച്ചര്‍മാരോടും തട്ടിക്കയറുന്നതും വീഡിയോയില്‍ കാണാം.

‘നിങ്ങളൊക്കെ പഠിപ്പിക്കാനാണോ ഇങ്ങോട്ട് വരുന്നത്. പ്രിന്‍സിപ്പലിനെ വിളി’ എന്നും ഇടയ്ക്ക് വിളിച്ച് പറയുന്നുണ്ട്. പലവട്ടം മാര്‍ക്ക് കുറഞ്ഞതിന്റെ കാരണം തിരക്കി ഇയാള്‍ ടീച്ചറോട് കയര്‍ത്തു. സംഭവം കണ്ട് കുട്ടിയും ക്ലാസ് മുറിയിലുള്ള മറ്റുള്ളവരും പേടിച്ചു. ഒടുവില്‍ ടീച്ചര്‍ മാര്‍ക്ക് കുറഞ്ഞതിന്റെ കാരണം കുട്ടിയോട് സമാധാനത്തോടെ തിരക്കുന്നതിനിടെ ഇയാള്‍ കുട്ടിയുടെ കരണം നോക്കി അടിച്ചു. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പിതാവിന്റെ ക്രൂരത കണ്ട് രോഷം കൊള്ളുകയാണ് സോഷ്യല്‍മീഡിയ.

Exit mobile version