കൊച്ചി: നാളെ മുതല്‍ ടോള്‍ പ്ലാസകളിലൂടെ വാഹനം കടന്നു പോകണമെങ്കില്‍ ഫാസ്ടാഗ് നിര്‍ബന്ധം. നാളെ മുതല്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ ആറ് ട്രാക്കുകളില്‍ അഞ്ച് എണ്ണത്തിലും ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഒരു ട്രാക്കില്‍ മാത്രമാണ് നേരിട്ട് പണം സ്വീകരിക്കുക. ഫാസ്ടാഗില്ലാത്ത വാഹനങ്ങള്‍ ഈ ഒറ്റവരിയില്‍ കൂടെയാണ് ഇനി പേവേണ്ടി വരിക. ഇത് വലിയൊരു ട്രാഫിക് ബ്ലോക്കിന് വഴിവെക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
നിലവില്‍ പ്രതിദിനം പാലിയേക്കര ടോള്‍ പ്ലാസകളിലൂടെ കടന്നു പോകുന്ന 40,000ത്തോളം വാഹനങ്ങളില്‍ 12,000 എണ്ണത്തിനു മാത്രമാണ് ഫാസ്ടാഗ് പതിപ്പിച്ചിട്ടുള്ളത്. 28,000 ത്തോളം വാഹനങ്ങളില്‍ ഇപ്പോഴും ഫാസ്ടാഗ് പതിപ്പിച്ചിട്ടില്ല എന്നതാണ് വാസ്തവം. ഈ വാഹനങ്ങള്‍ ഒറ്റ ട്രാക്കില്‍ കൂടെ മാത്രം പോകേണ്ടി വരുമ്പോള്‍ ടോള്‍ പ്ലാസകളിലെ നില വഷളായേക്കും. കിലോമീറ്ററുകളോളം നീളുന്ന വരി റോഡില്‍ പ്രത്യക്ഷപ്പെടും എന്ന കാര്യം ഇതോടെ ഉറപ്പായി.
അതേസമയം തദ്ദേശീയരുടെ സൗജന്യ യാത്ര പ്രശ്നം ഇതുവരെ പാലിയേക്കരയില്‍ പരിഹരിച്ചിട്ടില്ല. തദ്ദേശീയരായ യാത്രക്കാര്‍ക്ക് ഫാസ്ടാഗ് ലഭിക്കാന്‍ 150 രൂപ പ്രതിമാസം മുടക്കണം. നാളെ മുതല്‍ ഫാസ്ടാഗ് കര്‍ശനമായി നടപ്പാക്കാന്‍ ദേശീയപാത അധികൃതര്‍ ടോള്‍ പ്ലാസകള്‍ക്ക് ഇതിനോടകം നോട്ടിസ് അയച്ചു കഴിഞ്ഞു. നേരത്തേ ഡിസംബര്‍ 15 മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഇതിനെതിരെ വ്യാപകമായ പരാതികള്‍ വന്നതിനെ തുടര്‍ന്ന് ഒരു മാസം കൂടി അനുവദിച്ച് നല്‍കുകയായിരുന്നു.
ടോള്‍ പ്ലാസകളില്‍ നേരിട്ട് പണം അടയ്ക്കാതെ, ഡിജിറ്റലായി പണം നല്കാന് സഹായിക്കുന്ന സംവിധാനമാണ് ഫാസ്ടാഗ്. പ്രീപെയ്ഡ് സിംകാര്‍ഡ് പോലെ പണം മുന്‍കൂട്ടി അടയ്ക്കാവുന്ന റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ അഥവാ ആര്‍എഫ്ഐഡി കാര്‍ഡാണ് ഫാസ്ടാഗ്.
Discussion about this post