തിരുവനന്തപുരം: ശംഖുമുഖം ബീച്ചില്‍ രാത്രിയില്‍ യുവതിക്കും സുഹൃത്തുക്കള്‍ക്കും നേരെ സദാചാര ഗുണ്ടായിസം കാണിച്ച അഞ്ചുപേര്‍ പോലീസ് പിടിയില്‍. സദാചാര ഗുണ്ടായിസത്തിന് ഇരയായ ശ്രീലക്ഷ്മി അറക്കല്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. പരാതി നല്കാന് സ്റ്റേഷനിലെത്തിയപ്പോള്‍ പോലീസുകാരില്‍ നിന്നും മോശം അനുഭവമുണ്ടായതായി ശ്രീലക്ഷ്മി അറയ്ക്കല്‍ പറഞ്ഞു.
ഫേസ്ബുക്കിലൂടെയാണ് ശ്രീലക്ഷ്മി ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. പൊതുഇടം എന്റേതും എന്ന ബോധവത്കരണവുമായി സര്‍ക്കാര്‍ നൈറ്റ് വാക്ക് സംഘടിപ്പിച്ചതിന്റെ പതിനൊന്നാം ദിവസമാണ് ശംഖുമുഖം ബീച്ചില്‍ രാത്രി പതിനൊന്നരക്ക് ഇരുന്നെന്ന് പറഞ്ഞ് ശ്രീലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കും നേരെ സദാചാര ഗുണ്ടായിസം നടന്നത്.
എന്നാല്‍ പരാതി നല്കാന് വലിയതുറ പോലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ അവിടെയും വാദി പ്രതിയാകുന്ന അവസ്ഥയായിരുന്നുവെന്നും ശ്രീലക്ഷ്മി പറഞ്ഞു. ശ്രീലക്ഷ്മി ഇക്കാര്യം ഫേസ്ബുക്കില്‍ കുറിച്ചതോടെ നിരവധി പേരാണ് പിന്തുണ അറിയിച്ച് എത്തിയത്. സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് പോലീസ് വള്ളക്കടവ് സ്വദേശികളായ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തത്.
Discussion about this post