മരട് ഫ്‌ളാറ്റുകള്‍ പൊളിച്ചതോടെ കേരളത്തില്‍ അനധികൃത നിര്‍മ്മാണം നടത്താന്‍ ഇനി മടിക്കും; ജസ്റ്റിസ് അരുണ്‍ മിശ്ര

അനധികൃത നിര്‍മ്മാണത്തിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി നിര്‍ദേശിക്കണമെന്ന വാദമുയര്‍ന്നപ്പോള്‍, കാത്തിരിക്കൂ എന്നായിരുന്നു കോടതിയുടെ പ്രതികരണം.

ന്യൂഡല്‍ഹി: മരട് ഫ്‌ളാറ്റുകള്‍ പൊളിച്ചതോടെ കേരളത്തില്‍ അനധികൃതനിര്‍മാണം നടത്താന്‍ ഇനി മടിക്കുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര. ഫ്‌ളാറ്റുകള്‍ വിജയകരമായി പൊളിച്ച വിവരം സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ധരിച്ചപ്പോഴാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ പ്രതികരണം.

നിയമം നടപ്പാക്കിയെങ്കിലും ഫ്‌ളാറ്റ് പൊളിച്ചതില്‍ വേദനയുണ്ടെന്ന് അഭിഭാഷകര്‍ പറഞ്ഞപ്പോള്‍, അതു ശരിയാണെങ്കിലും പൊളിക്കാതെ പറ്റില്ലായിരുന്നുവെന്നാണ് ജസ്റ്റിസ് മിശ്ര പറഞ്ഞത്.

അനധികൃത നിര്‍മ്മാണത്തിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി നിര്‍ദേശിക്കണമെന്ന വാദമുയര്‍ന്നപ്പോള്‍, കാത്തിരിക്കൂ എന്നായിരുന്നു കോടതിയുടെ പ്രതികരണം. കേസ് ഫെബ്രുവരി പത്തിന് വീണ്ടും പരിഗണിക്കും.

തീരദേശ നിയമം ലംഘിച്ച് മരടില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയവര്‍ക്ക് എതിരെ നടപടി ഉണ്ടാകുമെന്ന് അരുണ്‍ മിശ്ര വ്യക്തമാക്കി. മരടിലെ അവശിഷ്ടങ്ങള്‍ നീക്കിയതിന് ശേഷം തുടര്‍ ഇടപെടലുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. മരട് ഫ്ളാറ്റ് പൊളിക്കല്‍ ഉത്തരവ് വേദനാജനകമായ കടമയായിരുന്നു. ഇനിയെങ്കിലും കേരളത്തില്‍ അനധികൃത കെട്ടിടങ്ങള്‍ ഉയരില്ല എന്നാണ് വിശ്വാസമെന്നും അരുണ്‍ മിശ്ര വ്യക്തമാക്കി.

അതേസമയം, ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ജസ്റ്റിസ് മിശ്ര കണ്ടുവെന്ന് വ്യക്തമാക്കുംവിധമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍. ഉത്തരവ് നടപ്പാക്കിയോ എന്ന ചോദ്യം അദ്ദേഹം ഉന്നയിച്ചതേയില്ല. മറിച്ച്, ഫ്‌ളാറ്റുകള്‍ പൊളിച്ചപ്പോള്‍ കുറച്ച് അവശിഷ്ടങ്ങള്‍ കായലിലേക്ക് വീണത് നീക്കംചെയ്യണമെന്ന് അദ്ദേഹം നിര്‍ദേശിക്കുകയും ചെയ്തു.

Exit mobile version