ന്യൂഡല്‍ഹി: പിണറായി വിജയന്‍ സാര്‍ ശബരിമല കയറാന്‍ ഞാന്‍ തയ്യാറാണ്….
വെളിപ്പെടുത്തലുമായി ജമ്മു കശ്മീര്‍ സ്വദേശിനിയായ മാധ്യമ പ്രവര്‍ത്തക ശിവാനി സ്പോലിയ രംഗത്ത്. തന്റെ ഫേസ്ബുക്കിലൂടെയാണ് ശബരിമല വിഷയത്തില്‍ പിണറായി വിജയനെ അഭിനന്ദിച്ചും മലകയാറാനുള്ള ആഗ്രഹം പ്രകടിപ്പിച്ചും ശിവാനി രംഗപ്രവേശനം നടത്തിയത്. അതേസമയം ആചാരങ്ങളുടെ പേരില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന വിവേചനങ്ങള്‍ അവസാനിപ്പിക്കാന്‍ ഈ തീരുമാനം സഹായിക്കുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
സമൂഹത്തോടുള്ള ഭയം നിമിത്തം മല ചവിട്ടാന്‍ മടിച്ചു നില്‍ക്കുന്ന സ്ത്രീകള്‍ക്ക് മുന്‍ഗാമിയാകാനാണ് ഞാന്‍ ശ്രമിക്കുന്നത്. ഈ വിഷയത്തില്‍ ശക്തമായ നിലപാടെടുത്ത സര്‍ക്കാരിനൊപ്പമാണ് ഞാനെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ശബരിമല കയറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എല്ലാ സഹായവും ഉറപ്പാക്കണമെന്ന അഭ്യര്‍ഥനയോടെയാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
ശിവാനിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
ബഹുമാനപ്പെട്ട പിണറായി വിജയന്‍ സര്‍,
”ഞാന്‍ ശിവാനി സ്‌പോലിയ. ജമ്മു കാശ്മീര്‍ സ്വദേശിനിയാണ്. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകയായി ജോലി ചെയ്യുന്നു. ശബരിമല ക്ഷേത്രത്തിലേക്ക് പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ ചരിത്ര വിധിയ്‌ക്കൊപ്പം നിന്ന അങ്ങ് അഭിനന്ദനമര്‍ഹിക്കുന്നു. ആചാരങ്ങളുടെ പേരില്‍ കാലാകാലങ്ങളായി സ്ത്രീകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന വിവേചനങ്ങള്‍ക്ക് അവസാനം വരുത്താനുള്ള ഒരു ശ്രമം അത്യാവശ്യമായിരുന്നു.
സുപ്രീം കോടതി വിധി കേരളത്തില്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ച് മാധ്യമങ്ങളില്‍ നിന്നും അറിയുന്നുണ്ടായിരുന്നു. ശബരിമല ക്ഷേത്രം സന്ദര്‍ശിക്കണമെന്ന് ഞാന്‍ തീരുമാനിക്കുന്നതും അങ്ങനെയാണ്. ഇതുവഴി ശബരിമല വിഷയത്തില്‍ സ്ത്രീകള്‍ക്ക് എന്റെ പിന്തുണ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സമൂഹത്തോടുള്ള ഭയം നിമിത്തം മല ചവിട്ടാന്‍ മടിച്ചു നില്‍ക്കുന്ന സ്ത്രീകള്‍ക്ക് മുന്‍ഗാമിയാകാനാണ് ഞാന്‍ ശ്രമിക്കുന്നത്. ഈ വിഷയത്തില്‍ ശക്തമായ നിലപാടെടുത്ത സര്‍ക്കാരിനൊപ്പമാണ് ഞാനും.
പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജ്ജിനെപ്പോലെ ചിലര്‍ സുപ്രീം കോടതി വിധിയ്‌ക്കെതിരാണ് എന്ന് മാധ്യമങ്ങളിലൂടെ അറിയാന്‍ സാധിച്ചു. അദ്ദേഹത്തിന്റെ നിയോജകമണ്ഡലമായ പൂഞ്ഞാറിലൂടെ ശബരിമലയിലേക്ക് സ്ത്രീകളെ കടത്തിവിടില്ല എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അതുകൊണ്ട് ശബരിമല കയറാന്‍ എത്തുമ്പോള്‍ എന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് അങ്ങയോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. എനിക്ക് മാത്രമല്ല അവിടെ എത്താന്‍ ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും പിന്തുണയും സംരക്ഷണവും ആവശ്യമാണ്. ”
Discussion about this post