മൂവാറ്റുപുഴ: എംഎല്‍എ. എല്‍ദോ എബ്രഹാമിന്റെയും ഡോ. ആഗി മേരി അഗസ്റ്റിന്റെയും വിവാഹ സ്വീകരണം മൂവാറ്റുപുഴയില്‍ വമ്പന്‍ സംഭവവമായി മാറി. ഞായറാഴ്ച രാവിലെ കുന്നക്കുരുടി സെയ്ന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ വെച്ച് മിന്നുകെട്ടിയ ശേഷം വൈകീട്ട് മുന്‍സിപ്പന്‍ മൈതാനിയില്‍ സംഘടിപ്പിച്ച വിവാഹ വിരുന്നാണ് ജനബാഹുല്യം കൊണ്ട് സംഭവമായി മാറിയത്.
ചരിത്രത്തിലാദ്യമായാണ് മൂവാറ്റുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ വമ്പന്‍ പന്തലൊരുക്കി വമ്പന്‍ കല്യാണ സ്വീകരണം. മെത്രാപ്പോലീത്തമാരായ എബ്രഹാം മാര്‍ സേവേറിയോസ്, മാത്യൂസ് മാര്‍ അപ്രേം, കുര്യാക്കോസ് മാര്‍ തെയോഫിലോസ് എന്നിവരുടെ കാര്‍മികത്വത്തില്‍ നടന്ന മിന്നുകെട്ട് ചടങ്ങുകള്‍ക്ക് ശേഷം വൈകീട്ട് മൂന്നു മുതല്‍ ഒമ്പതുവരെയായിരുന്നു മുനിസിപ്പല്‍ മൈതാനിയിലെ വിവാഹവിരുന്ന്.
മുഖ്യമന്ത്രി മുതല്‍ ജീവിതത്തിലെ നാനാതുറകളിലുള്ള പ്രമുഖരെയും മണ്ഡലത്തിലെ ഭൂരിപക്ഷം കുടുംബങ്ങളെയും വിവാഹ വിരുന്നിനായി എല്‍ദേ എബ്രഹാം ക്ഷണിച്ചിരുന്നു. ആകെ 20,000 ക്ഷണക്കത്തുകളാണ് നല്‍കിയത്. മണ്ഡലത്തിലെയും പുറത്തും അറിയാവുന്നവരെ എല്ലാം നേരിട്ട് ഫോണില്‍ വിളിച്ചും കത്തുകളയച്ചും നടത്തിയ ക്ഷണംതന്നെ നാട്ടുകാരില്‍ കൗതുകമുണര്‍ത്തി.
വിവാഹത്തിന് ക്ഷണിച്ചവരെല്ലാം കല്യാണത്തിന് എത്തുകയും ചെയ്തു. ജനബാഹുല്യം കണക്കിലെടുത്താണ് നഗരസഭാ സ്റ്റേഡിയം തന്നെ വിരുന്ന് സത്കാരത്തിന് തെരഞ്ഞെടുത്തത്. ഗ്രീന്‍ പ്രോട്ടോക്കോള്‍ അനുസരിച്ചുമായിരുന്നു ഇവിടെ ക്രമീകരണങ്ങള്‍. പഴയിടം നമ്പൂതിരിയുടെ സസ്യവിഭവങ്ങളാണ് വിരുന്നിന് ഒരുക്കിയത്.