തിരുവനന്തപുരം: കളിയിക്കാവിളയിൽ എസ്ഐയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ ആസൂത്രണം നടന്നത് കേരളത്തിലെന്ന് തെളിവുകൾ. വെടിവയ്പ്പിന് രണ്ട് ദിവസം മുമ്പ് പ്രതികൾ നെയ്യാറ്റിൻകരയിലെത്തി വാടക വീട്ടിൽ താമസിച്ചുവെന്നാണ് കണ്ടെത്തൽ. 7,8 തീയതികളിൽ പ്രതികൾ പള്ളിയിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. വിതുര സ്വദേശി സെയ്ത് അലി ഏർപ്പാടാക്കിയ വീട്ടിലാണ് ഇവർ താമസിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. കൊല നടന്നതിന്റെ പിറ്റേ ദിവസം സെയ്ത് അലി ഒളിവിൽ പോയതും ദുരൂഹമാണ്. ഇയാളുടെ വിതുരയിലെ ഭാര്യവീട്ടിൽ ക്യൂ ബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. പ്രതികളുടെ കൈവശമുണ്ടായിരുന്ന ബാഗ് മറ്റൊരാൾക്ക് കൈമാറിയതിലും നിരവധി സംശയങ്ങൾ ഉയരുന്നുണ്ട്. അതേസമയം, മുഖ്യപ്രതികളായ തൗഫീഖിനും അബ്ദുൾ ഷമീമിനുമായുളള തെരച്ചിൽ തമിഴ്നാട് ക്യൂ ബ്രാഞ്ചും കേരള പോലീസും ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഇവരുടെ വിവരങ്ങൾ നൽകുന്നവർക്ക് ഏഴ് ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. തീവ്രവാദബന്ധം കണ്ടെത്തിയതിനാൽ കേസ് എൻഐഎ ഏറ്റെടുക്കാനാണ് സാധ്യത.
കൊലപാതകം നടന്ന ദിവസം പ്രതികൾ നെയ്യാറ്റിൻകരയിൽ ഒരു ബാഗ് ഉപേക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇന്നലെ പോലീസിന് ലഭിച്ചിരുന്നു. നെയ്യാറ്റിൻകര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തുളള ദൃശ്യങ്ങളിലാണ് പ്രതികളെ കണ്ടെത്തിയത്. രാത്രി 8.45 മണിയോടെ കടകൾക്ക് അരികിലൂടെ നടന്ന് പോകുന്ന ഇവർ അവിടെ ഒരു ബാഗ് ഉപേക്ഷിക്കുന്നതായാണ് ദൃശ്യങ്ങളിൽ ഉളളത്. പൊതുപണിമുടക്ക് ദിവസമായിരുന്നതിനാൽ കടകളെല്ലാം അടഞ്ഞു കിടക്കുകയായിരുന്നു. ഈ ബാഗിനായി അന്വേഷണസംഘം സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. ബാഗ് നെയ്യാറ്റിൻകരയിലുളള ഏതെങ്കിലും കടയിൽ നിന്നാണോ വാങ്ങിയതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
പ്രതികൾ യാത്ര ചെയ്തതായി സംശയിക്കുന്ന ഓട്ടോഡ്രൈവറെ നെയ്യാറ്റിൻകരയിൽ നിന്ന് അന്വേഷണസംഘം ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തു വരികയാണ്.
Discussion about this post