വർക്കല: അഞ്ച് വർഷമായി കാൽനടയായി ടിക്കറ്റ് വിറ്റ് കുടുംബം പോറ്റുകയായിരുന്ന ലോട്ടറി വിൽപ്പനക്കാരനെ ഒടുവിൽ യഥാർത്ഥ ഭാഗ്യദേവത തേടിയെത്തി. കഴിഞ്ഞദിവസം നറുക്കെടുത്ത പൗർണമി ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് ജന്മനാ മൂകനും ബധിരനുമായ ലോട്ടറി വിൽപ്പനക്കാരന് ലഭിച്ചത്. വർക്കല പാളയംകുന്ന് എസ്ജി നിവാസിൽ പ്രേംകുമാറി(50)നാണ് 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്.
പൗർണമി ഭാഗ്യക്കുറിയുടെ ആർഡബ്ല്യു 889278 നമ്പർ ടിക്കറ്റിനാണ് പ്രേംകുമാറിനെ ഭാഗ്യം തേടിയെത്തിയത്. ഞായറാഴ്ചയായിരുന്നു നറുക്കെടുപ്പ്. സ്വന്തമായി വീടില്ലാത്ത പ്രേംകുമാർ കഴിഞ്ഞ അഞ്ചു വർഷമായി നാടാകെ നടന്നായിരുന്നു ലോട്ടറി വിൽപ്പന നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം ബാക്കി വന്ന ടിക്കറ്റിലൊന്ന് ഭാഗ്യക്കുറി വിൽപ്പനക്കാരനും സുഹൃത്തുമായ ദേവരാജൻ പ്രേംകുമാറിനു കൈമാറിയിരുന്നു. ആ ടിക്കറ്റിനു പകരമായി പ്രേംകുമാർ സുഹൃത്തിന് പൗർണമിയുടെ മറ്റൊരു ടിക്കറ്റും നൽകി. ഫലം വന്നപ്പോഴാണ് തനിക്ക് ദേവരാജൻ നൽകിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് പ്രേംകുമാർ അറിയുന്നത്.
സ്വന്തമായി വീടില്ലാത്ത പ്രേംകുമാർ അമ്മ ഗോമതി, ഭാര്യ മിജി, മകൻ പ്രദീപ് എന്നിവർക്കൊപ്പം കുടുംബവീട്ടിലാണ് താമസിക്കുന്നത്. സമ്മാനാർഹമായ ടിക്കറ്റ് പ്രേംകുമാർ ഒറ്റൂർ സർവീസ് സഹകരണ ബാങ്ക് മാനേജരെ ഏൽപ്പിച്ചു.
Discussion about this post