അമ്പലപ്പുഴ: പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സംസ്ഥാനത്ത് കനത്ത പ്രതിഷേധം ഉയരുന്നതിനിടെ പൗരത്വ ഭേദഗതി നിയമം വിശദീകരിക്കൽ തുടർന്ന് ബിജെപി. എന്നാൽ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും നല്ലതല്ലാത്ത അനുഭവമാണ് ബിജെപി നേതാക്കൾക്ക് നേരിടേണ്ടി വരുന്നത്. ഇതിനിടെ ആലപ്പുഴയിലെ അമ്പലപ്പുഴയിൽ പൗരത്വ ഭേദഗതി നിയമം വിശദീകരിക്കാൻ ബിജെപി വിളിച്ച യോഗം ബഹിഷ്കരിച്ച് നാട്ടുകാർ തിരിച്ചടിച്ചു. അമ്പലപ്പുഴയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ വളഞ്ഞവഴിയിലാണ് ബിജെപി ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചത്.
പരിപാടി സംഘടിപ്പിക്കുന്നതിന് മുന്നോടിയായി സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്നതൊക്കെ കാണിച്ച് വലിയതോതിലുള്ള പ്രചരണങ്ങളൊക്കെ ബിജെപി നടത്തിയിരുന്നു. എന്നാൽ, പരിപാടി തുടങ്ങുന്നതിന് മുമ്പ് തന്നെ പ്രദേശത്തെ വ്യാപാരികൾ കടകൾ മുഴുവൻ അടച്ചിട്ട് വീട്ടിലേക്ക് മടങ്ങിയാണ് ബിജെപിയെ നാണംകെടുത്തിയത്. ബിജെപിക്കാർ പരിപാടിക്കായി കസേര അടുക്കി തുടങ്ങിയപ്പോൾ തന്നെ സ്ഥലത്തെ വ്യാപാരികൾ കടകൾക്ക് ഷട്ടറിട്ടു. പ്രദേശത്തെ ആരും തന്നെ പരിപാടിയിൽ പങ്കെടുക്കാനായി പുറത്തിറങ്ങിയതുമില്ലെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
നാട്ടുകാരുടെ നിസ്സഹകരണം കണ്ട ബിജെപി പ്രവർത്തകർ പോലീസിനോട് സുരക്ഷയും ആവശ്യപ്പെട്ടു. ഒടുവിൽ പരിപാടി ഉദ്ഘാടനം ചെയ്യാനായി ബിജെപി നേതാവ് എംടി രമേശ് വേദിയിലെത്തിയപ്പോൾ പാർട്ടിപ്രവർത്തകർ മാത്രമേ കേൾവിക്കാരായി ഉണ്ടായിരുന്നുള്ളു.
Discussion about this post