കൊച്ചി: മരടിൽ നിയമം ലംഘിച്ച് നിർമ്മിച്ചതെന്ന് സുപ്രീംകോടതിയും കണ്ടെത്തിയ വിവാദ ഫ്ളാറ്റുകളെല്ലാം തകർന്ന് മണ്ണടിഞ്ഞു. കൃത്യം 2.30നാണ് തകർക്കാനിരുന്ന അവസാനത്തെ ഫ്‌ളാറ്റായ ഗോൾഡൻ കായലോരവും തകർന്ന് പൊടിയായത്. ഇതോടെ, രണ്ട് ദിവസമായി മരടിൽ നടന്ന ഏറെ ആകാംക്ഷ നിറഞ്ഞ നിയന്ത്രിത സ്‌ഫോടനത്തോടെയുള്ള കെട്ടിടം പൊളിക്കൽ ദൗത്യത്തിന് തിരശീല വീണു.
സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ നാല് ഫ്ളാറ്റുകൾ പൊളിച്ചടുക്കിയത്. ഏറെ ആശങ്കയുണർത്തിയ ഫ്ളാറ്റിന് സമീപമുള്ള അംഗൻവാടി കെട്ടിടം സുരക്ഷിതമാണെന്ന വാർത്ത എത്തിയതോടെ ദൗത്യം സമ്പൂർണ വിജയമെന്ന് സകലരും ദീർഘനിശ്വാസത്തോടെ പറയുകയാണ്. അംഗനവാടിയുടെ ചുറ്റുമതിലിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
നേരത്തെ നിശ്ചയിച്ചിരുന്നതിലും വൈകി 2.30 നാണ് ഗോൾഡൻ കായലോരം നിലംപൊത്തിയത്. ഞായറാഴ്ച രണ്ട് മണിക്കാണ് ഗോൾഡൻ കായലോരം സ്‌ഫോടനത്തിൽ പൊളിക്കുക എന്നായിരുന്നു ലഭിച്ചിരുന്ന വിവരം. എന്നാൽ, ഫ്ളാറ്റുകൾ തകർക്കുന്നതിൽ ഇതുവരെ കൃത്യത പാലിച്ച ജെറ്റ് ഡെമോളിഷനും ജില്ലാ ഭരണകൂടവും പക്ഷേ ഇവിടെ പതിവ് തെറ്റിച്ചു. 1.30 ന് നിശ്ചയിച്ചിരുന്ന ആദ്യ സൈറൻ മുഴങ്ങാൻ വൈകിയതോടെ നിയന്ത്രിത സ്ഫോടനവും വൈകി. സമീപത്തുള്ള അംഗനവാടി കെട്ടിടത്തിന് സുരക്ഷ ഒരുക്കാനാണ് അൽപ്പം വൈകിയതെന്ന് വ്യക്തമായതോടെ ആരും അൽപ്പനേരം കൂടി ഗോൾഡൻ കായലോരത്തിന് ആയുസ് നീട്ടികൊടുത്തതിനെ പഴിച്ചില്ല.
14.8 കിലോ സ്ഫോടക വസ്തുക്കള് നിറച്ച് പൊട്ടിച്ചിതറാൻ തയ്യാറായി നിന്ന ഗോൾഡൻ കായലോത്തിനെ ഭയപ്പെടുത്തി 26 മിനിട്ട് വൈകി കൃത്യം 1.56 ന് ആദ്യ സൈറൻ മുഴങ്ങി. രണ്ടാമത്തെ സൈറൻ 2.19 നാണ് മുഴങ്ങിയത്. മൂന്നാം സൈറന്റെ അകമ്പടിയോടെ കൃത്യം 2.30 ന് ബ്ലാസ്റ്റർ സ്വിച്ചിൽ വിരലമർന്നതോടെ മരടിലെ അവസാന ഫ്ളാറ്റും മണ്ണിനെ ചുംബിച്ച് സിമന്റ് കൂനയായി മാറി. ഗോൾഡൻ കായലോരത്തിൽ ആകെ 40 അപ്പാർട്ടുമെന്റുകളാണ് ഉള്ളത്. നാലു ഫ്ളാറ്റുകളിൽ ഏറ്റവും ചെറുതും ഏറ്റവും പഴയതും ഗോൾഡൻ കായലോരം ആയിരുന്നു.
Discussion about this post