കൊച്ചി: മരടിലെ ഫ്‌ളാറ്റുകൾ തകർന്നതോടെ അതിലൊരു ഫ്‌ളാറ്റിന്റെ ഉടമയായിരുന്ന സംവിധായകൻ മേജർ രവി പ്രതികരണവുമായി രംഗത്ത്. ‘ഞങ്ങൾ തിരിച്ചുവരും, അതൊരു വാശിയാണ്’ എന്ന് അദ്ദേഹം പറഞ്ഞു. ശനിയാഴ്ച നിലംപതിച്ച എച്ച്ടുഒ ഹോളിഫെയ്ത്ത് ഫ്‌ളാറ്റിലെ താമസക്കാരനായിരുന്നു മേജർ രവി. വർഷങ്ങളോളം താമസിച്ച ഫ്ളാറ്റ് ഇടിഞ്ഞു വീഴുന്നത് കാണാൻ ശേഷിയില്ലാതെ പലരും ഇന്നലെ മരടിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നെന്നും അതീവ ദുഃഖമുണ്ടെങ്കിലും സമീപവാസികൾക്ക് നഷ്ടമൊന്നും സംഭവിക്കാത്തത് ആശ്വാസകരമാണെന്നും, തങ്ങളുടെ ഉറക്കം കെടുത്തിയിരുന്നത് ആ ഒരു കാര്യം മാത്രമായിരുന്നെന്നും മേജർ രവി പറഞ്ഞു.
‘പത്തുവർഷക്കാലം ഞങ്ങളെല്ലാവരും ഒരു കുടുംബം പോലെ ഒന്നിച്ച് താമസിച്ച സ്ഥലമാണ് ഇത്. എന്തുവന്നാലും അവസാനം വരെ ഒന്നിച്ചു നിൽക്കും. ഞങ്ങൾ തിരിച്ചു വരും. അതൊരു വാശിയാണ്. ഞങ്ങൾക്കെല്ലാം അവകാശപ്പെട്ട ഭൂമിയാണ് ഇത്. ഇത് വീണ്ടെടുക്കുന്നതിന് സർക്കാറിന് പ്രത്യേക അപേക്ഷ നൽകും. ഇവിടെത്തന്നെ വീടുവച്ച് താമസിക്കാനാകുമോയെന്നാണ് നോക്കുന്നത്. അതിനു കഴിഞ്ഞില്ലെങ്കിൽ എവിടെയായാലും ഒന്നിച്ചുതന്നെ നിൽക്കാനാണ് ആഗ്രഹിക്കുന്നത്. അത്രയ്ക്ക് അടുപ്പമായിരുന്നു ഞങ്ങളെല്ലാവരും. ഞങ്ങളുടേതായ കാരണത്താലല്ല ഈ ദുരന്തം. അതിന് അനുമതി നൽകിയവരും യാഥാർത്ഥ്യങ്ങൾ മറച്ചുവച്ചവരുമായ എല്ലാവർക്കും ഇതിൽ പങ്കുണ്ട്. ഞങ്ങൾ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞത് ഏറ്റവും ഒടുവിലാണ്. എങ്കിലും ഈ മണ്ണ് ഞങ്ങളുടേതാണ്. എന്നെങ്കിലും ഇവിടെത്തന്നെ തിരിച്ചുവരുമെന്ന് ഉറപ്പുണ്ട്.’
‘ഈ ഫ്ളാറ്റിന്റെ ടെറസിൽ വെച്ചായിരുന്നു കർമയോദ്ധയിലെ മോഹൻലാലിന്റെ ആദ്യ ഷോട്ടെടുത്തത്. ഫ്‌ളാറ്റ് പൊളിച്ചുനീക്കുന്നതിനേക്കാൾ ഞങ്ങളെ ഏറെ വിഷമിപ്പിച്ചത് മറ്റുള്ളവർക്കുണ്ടാവുന്ന ബുദ്ധിമുട്ടുകളാണ്. തലേന്നു വൈകിട്ടും ഫ്‌ളാറ്റിനു മുന്നിൽ വന്നുനിന്നിരുന്നു. അപ്പോഴും മനസിലുണ്ടായിരുന്നത് മറ്റുള്ളവർക്ക് ആപത്തൊന്നുംവരുത്തരുതേ എന്നായിരുന്നു. ഇപ്പോൾ എല്ലാം നിശ്ചയിച്ചപാടെ നടന്നു. അതിൽ അതിയായ സന്തോഷമുണ്ട്. പൊളിക്കൽ ഏറ്റെടുത്ത എൻജിനീയർമാരോടും നന്ദി അറിയിക്കുന്നു.’ മേജർ രവി പറഞ്ഞു.
Discussion about this post