കൊച്ചി: നിയമം ലംഘിച്ച് കെട്ടിപ്പൊക്കിയതിനെ തുടർന്ന് പൊളിക്കാൻ ഉത്തരവിട്ട മരടിലെ നാല് ഫ്‌ളാറ്റുകളിലെ ഭീമനായ ജെയിൻസ് കോറൽകോവിനും ആൽഫ സെറീനിന്റേയും ഹോളിഫെയ്ത്ത് എച്ച്ടുഒയുടേയും സമാന വിധി. നിയന്ത്രിത സ്‌ഫോടനത്തിൽ ഞായറാഴ്ച 11 മണിയോടെ വമ്പൻ പാർപ്പിട സമുച്ചയമായിരുന്ന ജെയിൻ കോറൽകോവും 9 സെക്കന്റിൽ തകർക്കുകയായിരുന്നു. കായലിൽ അവശിഷ്ടങ്ങൾ പതിക്കാതെ നിന്നിരുന്ന സ്ഥലത്ത് തന്നെ ചെരിഞ്ഞാണ് കെട്ടിടം തകർന്ന് കൂമ്പാരമായത്. നാല് ഫ്‌ളാറ്റുകളിലെ വമ്പനായ ജെയിൻ കോറൽകോവിൽ 17 നിലകളിലായി 122 അപ്പാർട്ട്‌മെന്റുകളാണ് ഉണ്ടായിരുന്നത്.
400 കിലോ സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചാണ് ഫ്ളാറ്റ് പൊളിച്ചത്. ജെറ്റ് ഡിമോളിഷൻ കമ്പനിയ്ക്കായിരുന്നു ഫ്ളാറ്റ് പൊളിയ്ക്കുന്നതിന്റെ ചുമതല. പത്തരക്ക് തന്നെ ആദ്യ സൈറൻ മുഴങ്ങിയതോടെയാണ് ഫ്‌ളാറ്റിൽ സ്‌ഫോടനം നടത്താനുള്ള കൗണ്ട് ഡൗൺ തുടങ്ങിയത്.
10.30നാണ് ആദ്യ സൈറൺ മുഴങ്ങിയത്. പിന്നീട് 10.55 ന് രണ്ടാമത്തെ സൈറൺ മുഴങ്ങി. 11.01 ന് മൂന്നാമത്തെ സൈറണും മുഴങ്ങിയതോടെ ജെയ്ൻസ് കോറൽകോവ് നിലംപതിച്ചു. 20700 ടൺ കോൺക്രീറ്റ് അവശിഷ്ടങ്ങൾ ജെയിൻ കോറൽകോവ് തകർന്ന് വീണതോടെ ഉണ്ടാകുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. അവധി ദിവസം ആയതിനാൽ തന്നെ വലിയ ആൾക്കൂട്ടമാണ് കെട്ടിടം തകർന്ന് വീഴുന്നത് കാണാൻ മരട് മേഖലയിലെത്തി ചേർന്നത്. പോലീസ് ആൾത്തിരക്ക് നിയന്ത്രിക്കാൻ പെടാപാട് പെടുന്ന കാഴ്ചയും കാണാനായി.