കൊല്ലം; കേരളത്തിലെ മത്സ്യങ്ങളില്‍ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തി. നിലവില്‍ ചാളയിലും അയലയിലും നെത്തോലിയിലുമാണ് പ്ലാസ്റ്റിക് അംശം കണ്ടെത്തിയത്. കൊച്ചിയിലെ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട് (സിഎംഎഫ്ആര്‍ഐ) കേരളതീരത്തു നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. സിഎംഎഫ്ആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. വി കൃപ ആണ് പഠനത്തിനു നേതൃത്വം നല്‍കിയത്.
കടലില്‍ ഒഴുകി നടക്കുന്ന പ്ലവകങ്ങളില്‍ പ്ലാസ്റ്റിക്ക് അംശം ധാരാളം ഉണ്ട്. ഉപരിതല മത്സ്യങ്ങളുടെ പ്രധാന ആഹാരമായ പ്ലവകങ്ങള്‍ കഴിക്കുന്നതു വഴിയാണു പ്ലാസ്റ്റിക്കിന്റെ അംശം മത്സ്യങ്ങളുടെ ഉള്ളിലെത്തുന്നതെന്ന് പഠനങ്ങള്‍ പറയുന്നു.
മത്സ്യബന്ധന വലകള്‍, മാലിന്യങ്ങള്‍ക്കൊപ്പം കടലിലേക്ക് ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് സാധനങ്ങള്‍, പ്ലാസ്റ്റിക് കവറുകള്‍ തുടങ്ങിയവയുടെ അതിസൂക്ഷ്മ അംശങ്ങളാണു മീനിന്റെ വയറ്റിലെത്തുന്നത്. രണ്ടുമൂന്നു വര്‍ഷമായി ലഭിക്കുന്ന മത്സ്യങ്ങളില്‍ നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തല്‍.
എന്നാല്‍ മത്സ്യം വേവിച്ചു കഴിക്കുന്നതിനാല്‍, കാര്യമായ ദോഷം ഇപ്പോള്‍ പറയാനാവില്ലെങ്കിലും, ഇതിനെ കുറിച്ച് അറിയാന്‍ കൂടുതല്‍ പഠനം വേണ്ടിവരും. രാസപദാര്‍ഥങ്ങള്‍ മീനിന്റെ കോശങ്ങളിലേക്ക് ആഗിരണം ചെയ്യപ്പെടുന്നുണ്ടെങ്കില്‍ ഇവയുടെ ജനിതക ഘടനയെത്തന്നെ ബാധിച്ചേക്കാമെന്നും ഡോ. കൃപ ചൂണ്ടിക്കാട്ടുന്നു. ഇതേക്കുറിച്ചു സിഎംഎഫ്ആര്‍ഐ പഠനം ആരംഭിച്ചിട്ടുണ്ട്.
കേരളത്തില്‍ പ്ലാസ്റ്റിക് നിരോധിച്ചെങ്കിലും ഇപ്പോഴും ഇവ വിപണിയില്‍ സുലഭമായി ലഭിക്കുന്നുണ്ട്. ഉപയോഗ ശേഷം ഇത്തരം പ്ലാസ്റ്റിക് പരിസ്ഥിതിക്ക് ദോഷം വരുന്ന രീതിയിലാണ് മനുഷ്യര്‍ വലിച്ചെറയുന്നത്. ഇതില്‍ ഭൂരിഭാഗവും കടലിലും എത്തപ്പെടുന്നു. എത്തപ്പെടുന്നു.