കൊച്ചി: മരടിലെ രണ്ടു കമ്പനികളുടെ മൂന്ന് ഫ്ളാറ്റുകൾ ഇന്നലെ തകർന്നുവീണപ്പോൾ ജയിച്ചത് ശാസ്ത്രമാണെന്ന കാര്യത്തിൽ തർക്കമില്ലെങ്കിലും കെട്ടിടങ്ങൾ പൊളിക്കുന്ന കമ്പനിക്ക് വിശ്വാസം പൂജയിലാണ്. സംഭവം പൊളിച്ചടുക്കി നശിപ്പിക്കാനാണെങ്കിലും എല്ലാം ആരംഭിച്ചത് ശുഭമായി പൂജയോടെയായിരുന്നു. ശനിയാഴ്ച രാവിലെ ഏഴേമുക്കാലോടെയാണ് ഹോളിഫെയ്ത്ത് ഫ്ലാറ്റിന്റെ ഗേറ്റിനുമുന്നിൽ പൂജയ്ക്ക് തുടക്കമായത്. ശൃംഗേരി മഠത്തിൽനിന്നുള്ള പൂജാരികളുടെ നേതൃത്വത്തിലായിരുന്നു പൂജ.
വിജയകരമായി പൂർത്തിയാക്കിയ പൂജയിൽ പൊളിക്കൽ കമ്പനിയായ എഡിഫസിന്റെ പ്രതിനിധികളെല്ലാം പങ്കെടുത്തു. ഒരു മണിക്കൂറോളം നീണ്ട ചടങ്ങുകൾക്കൊടുവിൽ പൂജിച്ചുനൽകിയ ചുറ്റികയുമായി എഡിഫസ് പാർട്ണർ ഉത്കർഷ് മേത്ത ഫ്ളാറ്റിന്റെ ഗേറ്റിനുള്ളിലേക്ക് കടന്നു. ആ ചുറ്റികയെ ഫ്ളാറ്റിനുള്ളിൽ ഉപേക്ഷിച്ചു.
‘പൊളിക്കുന്ന ജോലികൾക്ക് ഉപയോഗിച്ച എന്തെങ്കിലും ഒന്നിനെ കൂടി ഫ്ളാറ്റിനൊപ്പം തകർക്കണമെന്നാണ് വിശ്വാസം’- ഉത്കർഷ് മേത്ത പറഞ്ഞു. തുടർന്ന് പ്രസാദവും പഴങ്ങളുമെല്ലാം ചുറ്റും കൂടിനിന്നവർക്കെല്ലാം നൽകി. പൂജയ്ക്കുശേഷമായിരുന്നു സ്ഫോടനത്തിന് മുന്നോടിയായുള്ള അവസാനവട്ട പരിശോധനകൾ. പിന്നീട് ശാസ്ത്രത്തിന്റെ നൂതന വിദ്യകൾ ഉപയോഗിച്ച് നിയന്ത്രിത സ്ഫോടനവും.
Discussion about this post