ശബരിമല: മണ്ണിടിച്ചിലിന് സാധ്യത ഉള്ളതിനാല്‍ മകരജ്യോതി ദര്‍ശനത്തിനായി അയ്യപ്പ ഭക്തര്‍ തങ്ങുന്ന പമ്പയിലെ ഹില്‍ടോപ്പിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. മണ്ണിടിച്ചലിന് സാധ്യത ഉണ്ടെന്ന പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ജി ജയദേവിന്റെയും ശബരിമല അഡീഷണല്‍ ജില്ല മജിസ്ട്രേറ്റ് എന്‍എസ്കെ ഉമേഷിന്റെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അയ്യപ്പ ഭക്തര്‍ ഹില്‍ടോപ്പിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ അടിയന്തിരമായി ബാരിക്കേഡുകള്‍ നിര്‍മ്മിക്കണമെന്നും ജില്ലാ പോലീസ് മേധാവി ആവശ്യമായ പോലീസുകാരെ നിയോഗിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്. ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ശബരിമല അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഏകോപിപ്പിക്കും.
മണ്ണിടിച്ചില്‍ സാധ്യത ഉള്ളതിനാല്‍ കഴിഞ്ഞവര്‍ഷവും ഹില്‍ടോപ്പില്‍ മകരജ്യോതി ദര്‍ശിക്കുന്നതിനായി ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
Discussion about this post