തിരുവനന്തപുരം: നിർഭയ കേസിലെ നാല് പ്രതികളുടെ വധശിക്ഷ ഉടൻ നടപ്പാക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ആരാച്ചാറായി നിയോഗിക്കപ്പെട്ട പവൻ ജല്ലാദും കുടുംബവും വാർത്തകളിൽ നിറയുകയാണ്. വധശിക്ഷ നടപ്പാക്കുന്നതിന് പ്രതിഫലമായി ലഭിക്കുന്ന തുക കൊണ്ട് തന്റെ മകളുടെ വിവാഹം നടത്തുമെന്ന് പവൻ അറിയിച്ചതിന് പിന്നാലെ പവന്റെ മകൾക്ക് നേരെ വീണ്ടും സഹായഹസ്തങ്ങൾ നീളുകയാണ്.
തന്റെ ആദ്യ ചിത്രത്തിന്റെ പ്രതിഫലത്തുക നിർഭയ കേസിലെ ആരാച്ചാർ പവൻ ജല്ലാദിന്റെ മകൾക്ക് വിവാഹസമ്മാനമായി നൽകുമെന്ന് നടിയും ട്രാൻസ്‌ജെൻഡർ ആക്റ്റിവിസ്റ്റും സാമൂഹ്യ പ്രവർത്തകയുമായ സുകന്യ കൃഷ്ണയും പ്രഖ്യാപിച്ചു. 2012ൽ നിർഭയ അതിക്രൂരമായ കൊല ചെയ്യപ്പെട്ടതു മുതൽ ആഗ്രഹിക്കുന്ന കാര്യമാണ് പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ ലഭിക്കണം എന്നത്. അതിനാൽ ശിക്ഷ നടപ്പാക്കാൻ മുന്നോട്ട് വന്ന പവൻ ജല്ലാദിനോട് ഏറെ ബഹുമാനമുണ്ടെന്നും സുകന്യ കൃഷ്ണ പറയുന്നു.
ഈ തീരുമാനം എടുത്തശേഷം പവൻ ജല്ലാദിന്റെ നമ്പർ കണ്ടെത്തുക എന്നതായിരുന്നു നേരിട്ട വലിയ വെല്ലുവിളി. അതീവ രഹസ്യമായാണ് അദ്ദേഹത്തിന്റെ നമ്പർ സൂക്ഷിച്ചിക്കുന്നത്. എങ്കിലും എന്റെ ഉദ്ദേശ ശുദ്ധി മനസിലാക്കി വിശാൽ എന്ന ഒരു മാധ്യമ സുഹൃത്ത് നമ്പർ സംഘടിപ്പിച്ചു തന്നെന്നും ഉടനെ പവൻ ജല്ലാദിനെ വിളിക്കുകയും ചെയ്‌തെന്നും സുകന്യ ഒരു സ്വകാര്യമാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
സുരക്ഷാ പ്രശ്‌നങ്ങൾ ഉള്ളതിനാൽ എല്ലാ കോളുകളും അദ്ദേഹം സ്വീകരിക്കുന്നില്ല. പിന്നീട് തിരിച്ചു വിളിക്കുകയാണ് പതിവ് എന്നും അറിഞ്ഞു. അദ്ദേഹത്തിന്റെ വിളിക്കായി കാത്തിരിക്കുകയാണ് ഞാൻ. വിളി വന്നില്ലെങ്കിൽ വീണ്ടും അങ്ങോട്ടു വിളിക്കും. അദ്ദേഹം സമ്മതിച്ചാൽ അന്നു തന്നെ പണം അക്കൗണ്ടിലൂടെ കൈമാറുമെന്നും സുകന്യ പറഞ്ഞു.
Discussion about this post