കൊച്ചി: സുപ്രീംകോടതി പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട മരടിലെ നാല് ഫ്‌ളാറ്റുകളില്‍ രണ്ടെണ്ണവും വിജയകരമായി പൊളിച്ചു നീക്കി. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനും പരിശോധനകള്‍ക്കും ശേഷമാണ് ഇന്ന് മരടിലെ രണ്ട് ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കിയത്. അവശേഷിക്കുന്ന രണ്ട് ഫ്‌ളാറ്റുകള്‍ നാളെ പൊളിക്കും.
സര്‍ക്കാര്‍ സംവിധാനങ്ങളുടെയും രാജ്യത്തെ മികച്ച സാങ്കേതിക വിദഗ്ദ്ധരുടേയും സഹായത്തോടെയാണ് മരടിലെ രണ്ട് ഫ്‌ളാറ്റുകളും വിജയകരമായി പൊളിച്ചു നീക്കിയത്. മുന്‍നിശ്ചയിച്ച പോലെ രാവിലെ 10.30-നാണ് ഫ്‌ളാറ്റ് പൊളിക്കുന്നതിന് മുന്നോടിയായുള്ള ആദ്യസൈറണ്‍ മുഴങ്ങിയത്.
ഇതിന് മുന്‍പായി ഇരുഫ്‌ളാറ്റുകള്‍ക്കും ഇരുന്നൂറ് മീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പേരേയും ഒഴിപ്പിച്ചിരുന്നു. പ്രദേശത്തുള്ള എല്ലാ ചെറുറോഡുകളും പോലീസ് ബ്ലോക്ക് ചെയ്തിരുന്നു.
അതേസമയം, രണ്ട് ഫ്‌ളാറ്റുകളും വിജയകരമായി പൊളിച്ച സാഹചര്യത്തില്‍ തേവര-കുണ്ടന്നൂര്‍ പാതയും പ്രദേശത്തെ മറ്റു റോഡുകളും ഗതാഗതത്തിന് തുറന്നു കൊടുത്തു. പ്രദേശത്ത് പോലീസും ഫയര്‍ ഫോഴ്‌സും നടത്തുന്ന പരിശോധനയ്ക്ക് ശേഷം മാത്രമേ പൊതുജനങ്ങളെ ഇനി ഈ മേഖലയിലേക്ക് പ്രവേശിപ്പിക്കൂ.