കൊച്ചി: സുപ്രീംകോടതി വിധി നടപ്പാക്കി ആദ്യത്തെ മരട് ഫ്ളാറ്റ് നിലം പതിച്ചതിന് തൊട്ടുപിന്നാലെ ഇരട്ടകെട്ടിടവും തകർത്തു. മരടിൽ പൊളിക്കാനായി സ്ഫോടക വസ്തുക്കൾ നിറച്ച ആൽഫാ സെറീൻ ടവറാണ് എച്ച് ടു ഒയ്ക്ക് പിന്നാലെ തകർത്തത്. ഹോളിഫെയ്ത്ത് എച്ച് ടു ഒ ഫ്ളാറ്റാണ് ആദ്യം തകർത്തത്. 11.17നായിരുന്നു എച്ച് ടു ഒ തകർത്തത്. പിന്നാലെ 11.41ന് ആൽഫാ സെറീൻ ഫ്ളാറ്റിന്റെ ബേബി ടവർ ആദ്യം നിലംപതിച്ചു. തൊട്ടുപിന്നാലെ വലിയ കെട്ടിടവും തകർന്ന് വീഴുകയായിരുന്നു. ആൽഫ കെട്ടിടം തകർന്നപ്പോൾ വലിയൊരു ഭാഗം കായലിലേക്കും പതിച്ചെന്നാണ് വിവരം. എത്രമാത്രം അളവിലാണ് കായലിൽ പതിച്ചിരിക്കുന്നത് എന്നത് ഇനിയും വ്യക്തമാവേണ്ടതുണ്ട്. രാജ്യത്തെ തന്നെ ആദ്യത്തെ സംഭവമായാണ് ഇത്ര ഉയരത്തിലുള്ള നഗരഹൃദയത്തിലെ ജനവാസകേന്ദ്രങ്ങൾ തകർന്ന് മണ്ണടിഞ്ഞത്. നിയന്ത്രിത സ്ഫോടനത്തിലൂടെ കെട്ടിടം പുറത്തേക്ക് തെറിക്കാതെ ഉള്ളിലേക്ക് തകർന്ന് വീഴുകയായിരുന്നു. പരിസരത്ത് വലിയ തോതിലുള്ള പൊടിപടലമാണ് നിയന്ത്രിത സ്ഫോടനം ഉണ്ടാക്കിയിരിക്കുന്നത്.
ജനസാഗരമാണ് ഈ കാഴ്ച കാണാനായി പരിസരത്ത് എത്തിച്ചേർന്നത്. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് സമീപത്തെ കുണ്ടന്നൂർ പാലം ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ഗതാഗതം നിരോധിച്ചിരുന്നു.
ഹോളി ഫെയ്ത്ത് ഫ്ളാറ്റിൽ 11 മണിയോടെ സ്ഫോടനം നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചത്. പൊളിക്കുന്നതിന് മുന്നോടിയായി ആദ്യ സൈറൺ 10.30 നായിരുന്നു നിശ്ചയിച്ചത്. 10.32-ന് തന്നെ ആദ്യ സൈറൺ മുഴങ്ങി. സുരക്ഷ വിലയിരുത്തുന്നതിന്റെ ഭാഗമായി നാവികസേനയുടെ ഹെലികോപ്റ്റർ നിരീക്ഷണം നടത്തിയതിനെ തുടർന്ന് രണ്ടാമത്തെ സൈറൺ കുറച്ച് വൈകി. 10.55-ന് നിശ്ചയിച്ച രണ്ടാമത്തെ സൈറൺ 11.10-നാണ് മുഴങ്ങിയത്. പിന്നീട് അവസാനത്തേതും മൂന്നാമത്തേതുമായ സൈറൺ 11.17 ന് മുഴങ്ങിയതിന് പിന്നാലെ സ്ഫോടനം നടക്കുകയായിരുന്നു. മില്ലി സെക്കൻരിന്റെ വ്യത്യാസത്തിലാണ് ഓരോ നിലയും തകർന്ന് വീണതെങ്കിലും കാഴ്ചയിൽ ഒരു സെക്കന്റിനുള്ളിൽ കൂറ്റൻ കെട്ടിടം നിലംപതിക്കുകയായിരുന്നു.
തൊട്ടുപിന്നാലെ, മരടിൽ രണ്ടാമത്തെ ഫ്ളാറ്റായ ആൽഫയിൽ സ്ഫോടനം നടത്തിയത് എറെ ആശങ്കയോടെയായിരുന്നു. എങ്കിലും, ജനവാസ കേന്ദ്രത്തോട് ചേർന്ന് നിൽക്കുന്ന ആൽഫാ ടവർ 11.44ഓടെ നടത്തിയ സ്ഫോടനത്തിൽ പൂർണ്ണമായും മണ്ണടിയുകയായിരുന്നു. സമീപത്തെ കെട്ടിടങ്ങൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിച്ചോയെന്ന് തുടർന്നുള്ള നിരീക്ഷണങ്ങളിൽ വ്യക്തമാവും.
Discussion about this post