കൊച്ചി: സുപ്രീംകോടതി വിധി നടപ്പാക്കി, തീരദേശ പരിപാലന നിയമം ലംഘിച്ച് പണിതുയർത്തിയ മരടിലെ ആദ്യത്തെ മരട് ഫ്‌ളാറ്റ് നിലം പതിച്ചു. സ്‌ഫോടക വസ്തുക്കൾ നിറച്ച് പൊട്ടിത്തെറിച്ച് നിലംപൊത്താനായി കാത്തിരുന്ന ഹോളിഫെയ്ത്ത് എച്ച് ടു ഒ ഫ്‌ളാറ്റാണ് അൽപ്പസമയം മുമ്പ് 11.17ന് നിലംപതിച്ചത്. രാജ്യത്തെ തന്നെ ആദ്യത്തെ സംഭവമായാണ് ഇത്ര ഉയരത്തിലുള്ള നഗരഹൃദയത്തിലെ വാസകേന്ദ്രം തകർന്ന് മണ്ണടിഞ്ഞത്.നിയന്ത്രിത സ്‌ഫോടനത്തിലൂടെ കെട്ടിടം പുറത്തേക്ക് തെറിക്കാതെ ഉള്ളിലേക്ക് തകർന്ന് വീഴുകയായിരുന്നു.
ജനസാഗരമാണ് ഈ കാഴ്ച കാണാനായി പരിസരത്ത് എത്തിച്ചേർന്നത്. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് സമീപത്തെ കുണ്ടന്നൂർ പാലം വഴിയുള്ള ഗതാഗതവും ജംങ്ഷൻ വഴിയുള്ള ഗതാഗതവും വ്യോമ-ജലപാതകളും നിയന്ത്രിച്ചിരുന്നു.
11 മണിയോടെ സ്ഫോടനം നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചത്. പൊളിക്കുന്നതിന് മുന്നോടിയായി ആദ്യ സൈറൺ 10.30 നായിരുന്നു നിശ്ചയിച്ചത്. 10.32-ന് തന്നെ ആദ്യ സൈറൺ മുഴങ്ങി. സുരക്ഷ വിലയിരുത്തുന്നതിന്റെ ഭാഗമായി നാവികസേനയുടെ ഹെലികോപ്റ്റർ നിരീക്ഷണം നടത്തിയതിനെ തുടർന്ന് രണ്ടാമത്തെ സൈറൺ കുറച്ച് വൈകി. 10.55-ന് നിശ്ചയിച്ച രണ്ടാമത്തെ സൈറൺ 11.10-നാണ് മുഴങ്ങിയത്. പിന്നീട് അവസാനത്തേതും മൂന്നാമത്തേതുമായ സൈറൺ 11.17 ന് മുഴങ്ങിയതിന് പിന്നാലെ സ്ഫോടനം നടക്കുകയായിരുന്നു. മില്ലി സെക്കൻരിന്റെ വ്യത്യാസത്തിലാണ് ഓരോ നിലയും തകർന്ന് വീണതെങ്കിലും കാഴ്ചയിൽ ഒരു സെക്കന്റിനുള്ളിൽ കൂറ്റൻ കെട്ടിടം നിലംപതിക്കുകയായിരുന്നു.
Discussion about this post