കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുമെന്ന് വ്യക്തമായപ്പോള്‍ ആദ്യം ആശങ്കയും പേടിയുമായിരുന്നു. എന്നാല്‍ ‘പൊളി വിധി’ നടപ്പാക്കുമെന്നും ജനങ്ങളില്‍ പേടിയും ആശങ്കയും വേണ്ട എന്നും അധികൃതര്‍ ആവര്‍ത്തിച്ചതോടെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതു കാണാന്‍ ഇപ്പോള്‍ സുരക്ഷിത അകലത്തുള്ള വീടുകളില്‍ തിക്കും തിരക്കുമാണ്. ജനങ്ങള്‍ ആവേശത്തോടെയാണ് ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
പലരും അവധിയെടുത്തും മറ്റ് ആവശ്യങ്ങളെല്ലാം മാറ്റിവെച്ചുമാണ് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് കാണാനെത്തുന്നത്. ഏതുഭാഗത്തുനിന്നാലാണ് പൊളിക്കല്‍ കാണാനും പടമാക്കാനും കഴിയുകയെന്നാണ് ഇപ്പോള്‍ ഇവരുടെ ചിന്ത. പൊളിക്കും മുമ്പ് ഫ്‌ളാറ്റുകള്‍ അവസാനമായി ഒരു നോക്ക് കാണാനും സെല്‍ഫിയെടുക്കാനുമായി അവസാന ദിവസവും ആളുകളുടെ തിരക്കാണ്.
സുരക്ഷിത അകലത്തുള്ള വീടുകളിലെ മേല്‍ക്കൂരകളടക്കം ഫ്‌ളാറ്റുകള്‍ കാണാന്‍ പറ്റുന്ന ഇടങ്ങളെല്ലാം നേരെത്തെ ബുക്ക് ചെയ്തവരുമുണ്ട് ഇതില്‍. ഫ്‌ളാറ്റുകള്‍ക്ക് ഇരുപതുമീറ്റര്‍ ചുറ്റളവിലേ കടുത്ത നിയന്ത്രണമുള്ളൂ. സുരക്ഷിത സ്ഥാനത്തുനിന്ന് കാഴ്ച കാണുന്നതിന് തടസ്സമൊന്നുമില്ല. എന്നാല്‍ കഴിയന്നത്ര സുരക്ഷിത അകലം പാലിക്കണമെന്നാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്.
ഇരുന്നൂറ്മീറ്റര്‍ അകലെയുള്ള കെട്ടിടങ്ങളില്‍ കയറിനില്‍ക്കുന്നതിന് തടസ്സങ്ങളൊന്നുമില്ലെന്ന് അറിയിച്ചിട്ടുള്ളതിനാല്‍ ടെറസുകളില്‍ കസേരയിട്ടും ഷീറ്റ് വലിച്ചുകെട്ടിയും പലരും താത്കാലിക വ്യൂ പോയന്റ് ഒരുക്കിയിട്ടുണ്ട്.
എന്നാല്‍ സമീപത്തെ വലിയ കെട്ടിടങ്ങളുടെ മേല്‍ക്കൂരയെല്ലാം പോലീസ് നീരീക്ഷണത്തിലാണ്. കുണ്ടന്നൂര്‍ പാലത്തില്‍നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നെല്ലാം ആളുകളെ പൂര്‍ണമായി ഒഴിപ്പിക്കും. അസ്വാഭാവികമായി എന്തുകണ്ടാലും കര്‍ശന നടപടിയുണ്ടാവുമെന്ന് അധികൃതര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.