കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ ഇന്ന് പൊളിക്കും. സുപ്രീംകോടതി പൊളിച്ച് മാറ്റാന്‍ ഉത്തരവിട്ട നാല് ഫ്ളാറ്റുകളില്‍ രണ്ടെണ്ണമാണ് ഇന്ന് സ്ഫോടനത്തിലൂടെ തകര്‍ക്കുക. ഹോളിഫെയ്ത്ത് എച്ച്ടുഒ, ആല്‍ഫ ഫ്ളാറ്റുകളാണ് ഇന്ന് പൊളിക്കുന്നത്. ഇതിനായുള്ള മുന്നൊരുക്കങ്ങളെല്ലാം നടത്തിക്കഴിഞ്ഞു. ഉദ്യോഗസ്ഥര്‍ അവസാനഘട്ട പരിശോധനകള്‍ നടത്തി വരികയാണ്.
രണ്ടു ഫ്‌ളാറ്റ് പരിസരങ്ങളിലുമായി രണ്ടായിരത്തിലേറെ ആളുകളെ ഒഴിപ്പിക്കേണ്ടി വരും. ചിലരെ ഒഴിപ്പിച്ച് തുടങ്ങി കഴിഞ്ഞു. ചിലര്‍ കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ വാടക വീടുകളിലേക്കു മാറിയിരുന്നു. സ്‌ഫോടനത്തിനു ശേഷം പരിസരം പൂര്‍ണ സുരക്ഷിതമെന്ന് ഉറപ്പു വരുത്തിയാല്‍ മാത്രമേ ഇവരെ വീടുകളിലേക്കു മടക്കി അയയ്ക്കു. പരിസരത്തെ ഏതെങ്കിലും വീടുകളില്‍ ആളുകള്‍ ഉണ്ടോയെന്നറിയാന്‍ പോലീസ് സംഘം തിരച്ചില്‍ നടത്തും.
അതേസമയം, ഫ്ളാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ചുവരെ നിരോധനാജ്ഞയാണ്. ആദ്യം നിലംപൊത്തുക ഹോളിഫെയ്ത്ത് എച്ച്ടുഒയാണ്. വെടിമരുന്നിലേക്ക് തീപടര്‍ത്താന്‍ ബ്ലാസ്റ്റര്‍ വിരലമര്‍ത്തുന്നതോടെ ഒരു ജലപാതംപോലെ ഹോളിഫെയ്ത്ത് കായലോരത്തേക്ക് വീഴും. മില്ലിസെക്കന്‍ഡുകളുടെ വ്യത്യാസത്തിലാവും വിവിധ സ്ഫോടനങ്ങള്‍.
അഞ്ചുമിനിറ്റിനുശേഷമാണ് കായലിന്റെ എതിര്‍വശത്തുള്ള ആല്‍ഫ സെറീന്റെ വീഴ്ച. ആദ്യസ്‌ഫോടനത്തിലെ പൊടിശല്യംമൂലം നിശ്ചയിച്ച സമയത്ത് നടക്കാനിടയില്ലെങ്കിലും 10-15 മിനിറ്റില്‍ക്കൂടുതല്‍ വൈകില്ലെന്ന് ഫോര്‍ട്ടുകൊച്ചി സബ്കളക്ടര്‍ സ്നേഹില്‍കുമാര്‍ സിങ് പറഞ്ഞു. ഞായറാഴ്ച രാവിലെ 11-ന് ജെയിന്‍ കോറല്‍കോവും രണ്ടുമണിക്ക് ഗോള്‍ഡന്‍ കായലോരവും തകര്‍ക്കും. നിയന്ത്രിത സ്‌ഫോടനത്തിനുള്ള ഒരുക്കങ്ങളെല്ലാം അവിടെയും പൂര്‍ത്തിയായി.
Discussion about this post