കേരളത്തിന്റെ കണ്ണീരൊപ്പാന്‍ ഒപ്പമുണ്ടാകുമെന്ന് പറഞ്ഞ മോഡി സര്‍ക്കാര്‍ കണ്ണീരൊപ്പുകയല്ല, കേരളത്തിന്റെ കണ്ണില്‍ മുളക് തേയ്ക്കുകയാണ് ചെയ്തത്; കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം:പ്രളയക്കെടുതി നേരിട്ട കേരളത്തിന്റെ കണ്ണീരൊപ്പാന്‍ ഒപ്പമുണ്ടാകുമെന്ന് പറഞ്ഞ മോഡി സര്‍ക്കാര്‍ കണ്ണീരൊപ്പുകയല്ല, കേരളത്തിന്റെ കണ്ണില്‍ മുളക് തേയ്ക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഫേസ്ബുക്കിലൂടെയാണ് കോടിയേരി ബാലകൃഷ്ണന്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്.

2018 ല്‍ പ്രളയം നേരിട്ട കേരളത്തിന്‌ സഹായമായി 5616 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചത്. കേന്ദ്രം തന്നതാകട്ടെ 2904 കോടി രൂപയാണ്. പ്രളയത്തില്‍നിന്ന് കരകയറാന്‍ പ്രത്യേക പാക്കേജ് സമര്‍പ്പിച്ചെങ്കിലും അതും തള്ളി. യുഎഇ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങള്‍ വാഗ്ദാനംചെയ്ത സഹായം കൈപ്പറ്റാനും അനുവദിച്ചില്ലെന്ന് മാത്രമല്ല സഹായം സ്വരൂപിക്കാനുള്ള മന്ത്രിമാരുടെ വിദേശയാത്ര വിലക്കുകയും ചെയ്‌തെന്ന് കോടിയേരി ഫേസ്ബുക്കില്‍ കുറിച്ചു.

2018ലെ പ്രളയക്കെടുതിയില്‍ നിന്ന് കരകയറുംമുമ്പേ 2019ലും സംസ്ഥാനം വലിയ പ്രകൃതിദുരന്തത്തെ നേരിട്ടു. മലബാര്‍മേഖലയില്‍ കൊടിയ നാശങ്ങളാണുണ്ടായത്. അന്ന് കേന്ദ്രമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഇവിടെ വന്നു. കേരളത്തിന്റെ കണ്ണീരൊപ്പാന്‍ കേന്ദ്രസര്‍ക്കാര്‍ ഉണ്ടാകുമെന്ന് വാഗ്ദാനംചെയ്തു. പക്ഷേ, കണ്ണീരൊപ്പുകയല്ല, കേരളത്തിന്റെ കണ്ണില്‍ മുളക് തേയ്ക്കുകയാണ് മോഡി സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തെയാണ് 2018ല്‍ കേരളം നേരിട്ടത്. അന്ന് 5616 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ സഹായമായി കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു. കേന്ദ്രം തന്നതാകട്ടെ 2904 കോടി രൂപയാണ്. പ്രളയത്തില്‍നിന്ന് കരകയറാന്‍ പ്രത്യേക പാക്കേജ് സമര്‍പ്പിച്ചെങ്കിലും അതും തള്ളി. യുഎഇ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങള്‍ വാഗ്ദാനംചെയ്ത സഹായം കൈപ്പറ്റാനും അനുവദിച്ചില്ല. സഹായം സ്വരൂപിക്കാനുള്ള മന്ത്രിമാരുടെ വിദേശയാത്രയും വിലക്കി.

2018ലെ പ്രളയക്കെടുതിയില്‍നിന്ന് കരകയറുംമുമ്പേ 2019ലും സംസ്ഥാനം വലിയ പ്രകൃതിദുരന്തത്തെ നേരിട്ടു. മലബാര്‍മേഖലയില്‍ കൊടിയ നാശങ്ങളാണുണ്ടായത്. ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും കാരണം നിരവധി ജീവനുകള്‍ നഷ്ടമായി. അന്ന് കേന്ദ്രമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഇവിടെ വന്നു. കേരളത്തിന്റെ കണ്ണീരൊപ്പാന്‍ കേന്ദ്രസര്‍ക്കാര്‍ ഉണ്ടാകുമെന്ന് വാഗ്ദാനംചെയ്തു. പക്ഷേ, കണ്ണീരൊപ്പുകയല്ല, കേരളത്തിന്റെ കണ്ണില് മുളക് തേയ്ക്കുകയാണ് മോഡി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.

അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതിയോഗം കേരളത്തെ തഴഞ്ഞതിലെ വിശദീകരണം രാജ്യത്തിന് നല്‍കാനുള്ള ഉത്തരവാദിത്തം പ്രധാനമന്ത്രിക്കുണ്ട്. കഴിഞ്ഞവര്ഷം പ്രളയമുണ്ടായ മറ്റ് ഏഴ് സംസ്ഥാനങ്ങള്‍ക്കായി 5908 കോടി രൂപയുടെ സഹായം അനുവദിച്ചു. സഹായം നേടിയ ഏഴ് സംസ്ഥാനങ്ങളില്‍ അഞ്ചും ബിജെപി ഭരണമുള്ളതാണ്. ഭരിക്കുന്ന പാര്‍ട്ടി ഏതെന്ന് നോക്കി പ്രളയനിവാരണ സഹായം കേന്ദ്രം അനുവദിക്കുന്നത് തികഞ്ഞ പാപ്പരത്തമാണ്.

പ്രളയദുരന്തത്തിനുള്ള നഷ്ടപരിഹാരം നിഷേധിച്ചതിനു പിന്നാലെ ദുരിതാശ്വാസക്യാമ്പുകളില്‍ വിതരണംചെയ്ത അരിയുടെ പണം സംസ്ഥാനത്തിനോട് ആവശ്യപ്പെട്ട് കേന്ദ്രം നോട്ടീസ് നല്‍കിയിരിക്കുകയാണ്. മഹാപ്രളയകാലത്ത് 2018ല്‍ സൗജന്യമായി വിതരണം ചെയ്ത 89,540 മെട്രിക് ടണ്‍ അരിയുടെ വിലയായി 205.81 കോടി രൂപ ഉടന്‍ നല്‍കണമെന്നാണ് തീട്ടൂരം.

കേന്ദ്രം സൗജന്യമായി അരി വിതരണം ചെയ്‌തെന്നാണ് അന്ന് കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും പറഞ്ഞത്. എന്നിട്ടാണ് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ മാനേജര്‍ സംസ്ഥാന ദുരന്തനിവാരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ‘മോസ്റ്റ് അര്‍ജന്റ്’ എന്ന ശീര്‍ഷകത്തില്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.കേരളത്തോടുള്ള കേന്ദ്രത്തിന്റെ രാഷ്ട്രീയ പകപോക്കല്‍ എത്രമാത്രം മനുഷ്യത്വരഹിതമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. പരിഹാസ്യമായ കേന്ദ്രനടപടിയെപ്പറ്റി ഇവിടത്തെ ബിജെപി നേതാക്കള്‍ക്കും കേന്ദ്രമന്ത്രി മുരളീധരനും എന്താണ് പറയാനുള്ളത്?

Exit mobile version