പ്രതീക്ഷിച്ചത് പത്ത് ലക്ഷം പേരെ! ഇത്തവണ നീലക്കുറിഞ്ഞി കാണാനെത്തിയത് 1.3 ലക്ഷം പേര്‍ മാത്രം!

മഹാപ്രളയത്തെത്തുടര്‍ന്ന് സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നതുമാണ് വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാക്കിയത്

മൂന്നാര്‍; ഇത്തവണ കേരളത്തിലെ വിനോദ സഞ്ചാര മേഖലയ്ക്ക് വന്‍ തിരിച്ചടി. പത്ത് ലക്ഷം സഞ്ചാരികളെ പ്രതീക്ഷിച്ച നീലക്കുറിഞ്ഞി സീസണില്‍ രാജമലയിലെത്തിയത് 1.3 ലക്ഷം പേര്‍ മാത്രം. സെപ്റ്റംബര്‍, ഓക്ടോബര്‍ മാസങ്ങളില്‍ ആകെ 1,34,957 പേരാണ് രാജമലയില്‍ എത്തിയത്.

മഹാപ്രളയത്തെത്തുടര്‍ന്ന് സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നതുമാണ് വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാക്കിയത്. 12 വര്‍ഷത്തിലൊരിക്കല്‍ വിരുന്നെത്തുന്ന നീലക്കുറിഞ്ഞി വസന്തം ഇത്തവണ എത്തിയത് കനത്ത മഴയ്‌ക്കൊപ്പമായിരുന്നു. ഇത് ചെടികള്‍ വന്‍തോതില്‍ നശിക്കാന്‍ ഇടയാക്കി.

ശേഷിച്ച ചെടികളിലെ പൂവുകള്‍ കാണുന്നതിന് സഞ്ചാരികള്‍ക്ക് കൂടുതല്‍ സമയം ലഭിച്ചതുമില്ല. മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ മുന്‍ നിര്‍ത്തി ഹൈറേഞ്ചിലേക്ക് സഞ്ചാരികള്‍ക്ക് പലതവണ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇക്കാരണങ്ങളാലാണ് സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ കുറവ് വന്നത്. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ആകെ 1,34,957 പേരാണ് ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായ രാജമലയില്‍ എത്തിയതെന്നാണ് ഔദ്യോഗിക കണക്ക് വ്യക്തമാക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ കുറിഞ്ഞി സീസണ്‍ അവസാനിച്ചെങ്കിലും രാജമലയിലേക്ക് സഞ്ചാരികള്‍ എത്തുന്നുണ്ട്. പ്രളയത്തെ തുടര്‍ന്ന് മുന്‍വര്‍ഷങ്ങളേക്കാള്‍ സഞ്ചാരികള്‍ കുറവാണെങ്കിലും നിലവില്‍ പ്രതിദിനം 2000 മുതല്‍ 2500 വരെ വിനോദസഞ്ചാരികള്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.

മുന്‍കൂട്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുകയും പ്രളയത്തെ തുടര്‍ന്ന് സന്ദര്‍ശനം നടത്താന്‍ കഴിയാതെ വരികയും ചെയ്ത വിനോദ സഞ്ചാരികള്‍ക്ക് ആവശ്യപ്പെടുന്നതനുസരിച്ച് ടിക്കറ്റുകള്‍ പുതുക്കി നല്‍കുമെന്ന് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മി അറിയിച്ചു.

സഞ്ചാരികളുടെ കണ്ണിനു കുളിര്‍മയേകാന്‍ 700 ലധികം വരയാടുകള്‍ ഇപ്പോള്‍ രാജമലയില്‍ ഉണ്ട്. മൂന്നാര്‍ തണുത്തു തുടങ്ങിയതിനാല്‍ ഇനിയുള്ള ദിവസങ്ങളില്‍ ഇവിടേക്ക് കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്നുറപ്പാണ്.

Exit mobile version