പൊതുഗതാഗത വാഹനമാണെങ്കില്‍ ജിപിഎസ് നിര്‍ബന്ധം; നിയമം കര്‍ശനമാക്കി സര്‍ക്കാര്‍

തിരുവനന്തപുരം: പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍, സ്‌കൂള്‍ ബസുകള്‍, വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന മറ്റുവാഹനങ്ങള്‍ എന്നിവയില്‍ ജിപിഎസ് ഘടിപ്പിക്കാനുള്ള തീരുമാനം കര്‍ശനമാക്കാനൊരുങ്ങി സര്‍ക്കാര്‍.

ട്രാഫിക് കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കുക, അപകടത്തില്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് കാലതാമസം കൂടാതെ സഹായം ലഭ്യമാക്കുക, വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍, കുട്ടികള്‍ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് പൊതുവാഹനങ്ങളില്‍ സര്‍ക്കാര്‍ ജിപിഎസ് നിര്‍ബന്ധമാക്കുന്നത്.

ജിപിഎസ് ഘടിപ്പിക്കാനുള്ള തീരുമാനം നേരത്തെ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനത്തിന് എതിരെ ചില മോട്ടോര്‍ വാഹന യൂണിയനുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് തീരുമാനം നിര്‍ബന്ധമാക്കുന്നത് വൈകിയത്.

സര്‍ക്കാരിന്റെ പ്രധാന നിര്‍ദേശങ്ങള്‍

1) ജിപിഎസ് സംവിധാനങ്ങള്‍ നിരീക്ഷിക്കാന്‍ അതത് ജില്ലകളിലെ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറെ(എന്‍ഫോഴ്‌സ്‌മെന്റ്) നോഡല്‍ ഓഫീസറായി നിയമിക്കണം.

2) ജിപിഎസ് സംവിധാനങ്ങള്‍ നിരീക്ഷിക്കാന്‍ അതത് ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ ഓഫീസ് തലവന്‍ നിയമിക്കണം.

3) വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് ഡിവൈസ് (വിഎല്‍ടിഡി) ഘടിപ്പിച്ച വാഹനങ്ങളില്‍ സുരക്ഷാമീറ്ററും വേണം. ഇത് വാഹനം എവിടെയാണെന്ന് തിരിച്ചറിയാനാണ്.

4) സ്‌കൂള്‍ വാഹനങ്ങളില്‍ വിഎല്‍ടിഡി നിര്‍ബന്ധമായും ഘടിപ്പിക്കണം. ഇത് പരിശോധിച്ച് ഉറപ്പുവരുത്തണം.

5) ജില്ലാ അടിസ്ഥാനത്തില്‍ ജിപിഎസ് സംവിധാനങ്ങള്‍ നിരീക്ഷിക്കാനും ആവശ്യമായ നടപടി സ്വീകരിക്കാനും എല്ലാ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളിലും മിനി കണ്ട്രോള്‍ റൂമുകള്‍.

6) വാഹനങ്ങളുടെ പരിശോധന സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ എല്ലാമാസവും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ എത്തിക്കണം.

Exit mobile version