കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ കരയില്‍ മാത്രമല്ല കടലിലും പ്രതിഷേധം ആഞ്ഞടിക്കുന്നു. പ്രതിഷേധ സ്വരമുയര്‍ത്തി വാട്ടര്‍മാര്‍ച്ചുമായി മത്സ്യത്തൊഴിലാളികള്‍ രംഗത്തെത്തി. കോഴിക്കോട് ചാലിയത്താണ് പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികള്‍ കടലിലിറങ്ങിയത്. വാട്ടര്മാര്ച്ചില് മത്സ്യത്തൊഴിലാളികള്‍ക്ക് പുറമെ മറ്റ് യുവാക്കളും സ്ത്രീകളും കുട്ടികളും അണിനിരന്നു.
‘ഇതാരുടെ ഭൂമി, നമ്മുടെ ഭൂമി, ഇതാരുടെ ഇന്ത്യ നമ്മുടെ ഇന്ത്യ’ എന്ന മുദ്യാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം. ഉപജീവനത്തിനായി നിത്യവുമിറങ്ങിയിരുന്ന കടല്‍ പ്രതിഷേധത്തിന്റെ വേദിയാക്കി മാറ്റുകയായിരുന്നു മത്സ്യത്തൊഴിലാളികള്‍. പ്രതിഷേധക്കാര്‍ ചെറുവള്ളങ്ങളിലും ബോട്ടുകളിലും ദേശീയപതാകയുമേന്തിയായിരുന്നു പ്രതിഷേധം. ചാലിയം മുതല്‍ ഫാറോക്ക് പാലം വരെയാണ് വാട്ടര്‍ മാര്‍ച്ച് സംഘടിപ്പിച്ചത്.
കടലില്‍ ആസാദി വിളികളും കേന്ദ്രസര്‍ക്കാരിനെതിരായ മുദ്രാവാക്യങ്ങളും ഉയര്‍ന്നു. നൂറുകണക്കിന് വള്ളങ്ങളാണ് പ്രതിഷേധത്തില്‍ അണിനിരന്നത്. ‘നമ്മൂടെ രാജ്യത്ത് നമ്മുടെ ജനിച്ച മണ്ണില്‍ ജീവിക്കാന്‍ വേണ്ടിയുള്ള പോരാട്ടമാണിത്. മരണം വരെ ശക്തമായി പോരാടും. ഒരാള്‍ക്കും വിട്ടുകൊടുക്കില്ല. ഹിന്ദുമുസല്മാന്ക്രിസ്ത്യാനികളെല്ലാം ജാതി മതഭേദമന്യേ ജീവിച്ച നാടാണിത്. ഈ സാഹോദര്യം മരണം വരെ നിലനിര്‍ത്തണം. അതിനാല്‍ ശക്തമായി ഈ ബില്ലിനെതിരെ പോരാടു’മെന്നും പ്രതിഷേധത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികളില്‍ ഒരാള്‍ പറഞ്ഞു.
Discussion about this post