കൊച്ചി: താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ രാവിലെ 11 മണിക്കാണ് യോഗം. സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ വേണമെന്നാവശ്യപ്പെട്ട് ഡബ്ല്യുസിസി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ വിഷയം ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും.
ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് റിമ കല്ലിങ്കലും പത്മപ്രിയയുമാണ് ഡബ്ല്യുസിസിയ്ക്ക് വേണ്ടി ഹര്‍ജി സമര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാരിനെയും അമ്മയെയും എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി. തൊഴിലിടത്തെ ലൈംഗീകാതിക്രമം തടയാനുള്ള നിയമം സൊസൈറ്റികള്‍ക്കുള്‍പ്പടെ ബാധകമാണെന്ന് ഹര്‍ജിയിയില്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, അമ്മയുടെ ഭരണഘടനാ ഭേദഗതി, പ്രളയദുരിതാശ്വാസത്തിന് പണം കണ്ടെത്താനായി അടുത്ത മാസം നടക്കുന്ന സ്റ്റേജ് ഷോ എന്നിവ ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും. നിര്‍മ്മാതാക്കളുടെ സംഘടനയ്ക്കു വേണ്ടി അടുത്ത വര്‍ഷം ആദ്യം നടത്തേണ്ട സ്റ്റേജ് ഷോയുടെ വിശദാംശങ്ങളും ഇന്നത്തെ യോഗത്തില്‍ തീരുമാനിക്കും.