ന്യൂഡല്‍ഹി: തീരദേശ നിയമം ലംഘിച്ച് പണിത കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കണമെന്ന് സുപ്രീംകോടതി. തീരദേശ നിയമം ലംഘിച്ച് വേമ്പനാട് കായലിന് സമീപം പണിത കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കണമെന്ന ഹൈക്കാടതി വിധിക്ക് എതിരെ നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളുകയായിരുന്നു.
വേമ്പനാട് കായല്‍ തീരത്ത് പണിത റിസോര്‍ട്ടാണ് പൊളിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്.ആലപ്പുഴ പാണാവള്ളിയിലെ നെടിയതുരുത്തില്‍ 2006 ലാണ് സ്വന്തം സ്ഥലത്തിനൊപ്പം സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയും കയ്യേറി കായല്‍ നികത്തി തീരദേശ പരിപാലന നിയമം കാറ്റില്‍പ്പറത്തിക്കൊണ്ട് കാപ്പിക്കോ റിസോര്‍ട്ട് പണിതത്.
ഒരു മീറ്റര്‍ പോലും കായലില്‍ നിന്ന് അകലം പാലിക്കാതെയാണ് റിസോര്‍ട്ട് പണിതത്. സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കയ്യേറി നികത്തി 2013 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോഴേക്ക് കയ്യേറ്റം പൂര്‍ത്തിയായി.
നിയമം ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് വെറ്റിലത്തുരുത്തിലെ വാമിക റിസോര്‍ട്ട് പൊളിച്ചു നീക്കണമെന്ന ഉത്തരവിനൊപ്പം കാപ്പിക്കോ റിസോര്‍ട്ടും പൊളിക്കണണമെന്ന് 2013 ല്‍ കേരളാ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
പിന്നാലെ സൂപ്രീംകോടതി ഹൈക്കോടതി ഉത്തരവ് ശരിവെച്ചതോടെ വാമിക റിസോര്‍ട്ട് പൊളിച്ച് നീക്കി. എന്നാല്‍ കാപികോ പൊളിച്ചിരുന്നില്ല. ഹൈക്കോടതി വിധിക്കെതിരെ റിസോര്‍ട്ട് ഉടമകള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. ഈ ഹര്‍ജിയിലാണ് ഇപ്പോള്‍ സുപ്രീംകോടതി ഉത്തരവ് വന്നിരിക്കുന്നത്.