കൊച്ചി: കേരളജനത സ്ത്രീകളുടെ ആര്‍ത്തവ സമയത്തെ കാണുന്നത് എന്തോ ചില അവഗണനകളോടെയാണ്. എന്നാല്‍ ഇന്ന് അത്തരത്തിലുള്ള അവഗണനകളെ തുറന്നടിക്കുകയാണ് സോഷ്യല്‍ മീഡിയ. ആര്‍പ്പോ ആര്‍ത്തവം എന്ന ഹാഷ്ടാഗോടെയാണ് ഇത്തരം കുറിപ്പുകള്‍ പങ്കുവയ്ക്കുന്നത്.
രണ്ടുദിവസം മുമ്പ് തമിഴ്നാട്ടില്‍ ആദ്യ ആര്‍ത്തവ കാലത്ത് ഷെഡ് കെട്ടി മാറ്റിയിരുത്തിയ പെണ്‍കുട്ടിയുടെ ദാരുണ മരണവും ഇത്തരം എഴുത്തുകളുടെ പ്രചോദനമാകുന്നു. അത്തരത്തില്‍ ആര്‍ത്തവ സമയത്തെ മഹത്വം വിളിച്ചോതി മാധ്യമ പ്രവര്‍ത്തക രമ്യ എഴുതിയ കുറിപ്പ് വൈറലാകുന്നു.
‘മക്കളുടെ ആദ്യ ആര്‍ത്തവം ഞങ്ങള്‍ ഏറ്റവും ആനന്ദത്തോടെ പരസ്പരം വിളിച്ചറിയിച്ചു. അവരെ സ്വര്‍ണവും പുതുവസ്ത്രവും മധുരവും നല്കി ഞങ്ങള്‍ സന്തോഷിപ്പിച്ചു. മുന്തിയ ഹോട്ടലുകളില്‍ വിരുന്ന് നടത്തി. ആണ്‍മക്കളാകട്ടെ ഇതുകണ്ട് അസൂയയോടെ നോക്കിനിന്നു. ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള സ്വാഭാവികമായ ഒരു കാര്യമാണ് ഇതെന്ന് ഞങ്ങളുടെ ആണ്‍കുട്ടികള്‍ക്കും അറിയാം. അച്ഛനോ അമ്മയോ വീട്ടിലില്ലാത്തപ്പോള്‍ പെങ്ങള്‍ക്കു വയറുവേദന വന്നാല്‍ ബീന്‍ ബാഗ് ഓവ്നില്‍ വച്ചു ചൂടാക്കി നല്കാന് എന്റെ പത്തുവയസ്സുകാരന് മകന് പോലും പഠിച്ചു. ഗുസ്തി കൂടാന്‍ വരുന്ന അവനോട് ‘അവളെ തൊടരുത്, അവള്‍ക്കു വയ്യ’ എന്നു പറയുമ്പോള്‍ ‘ചേച്ചിക്കു പീരിയഡ്സ് ആണോ’ എന്ന് ഏറ്റവും സ്വാഭാവികമായി അവന് ചോദിക്കുന്നു.’
രമ്യയുടെ കുറിപ്പ്….
#ആർപ്പോആർത്തവം
ആര്‍ത്തവം… അതിനെ കുറിച്ച് ഞാന്‍ ഇവിടെ ഒരിക്കലും ചര്‍ച്ച ചെയ്യാന്‍ നിന്നിട്ടില്ല. കാരണം അങ്ങേയറ്റം സ്വാഭാവികമായ ഒരു സംഗതി മാത്രമാണ് ഏതാനും വര്‍ഷങ്ങളായി എന്റെ ജീവിതത്തില്‍ ആ ദിവസങ്ങള്‍. പക്ഷേ തുടക്കമൊന്നും അങ്ങനെ ആയിരുന്നില്ല. പന്ത്രണ്ടാം വയസ്സിലാണ് ആദ്യ ആര്‍ത്തവം വന്നത്. അതും നേരെ മുകളിലുള്ള ചേച്ചിക്ക് ആര്‍ത്തവം ആകും മുന്‍പേ. അതോടെ അതിലെന്തോ കുഴപ്പമുണ്ടെന്ന് അമ്മയ്ക്കു തോന്നിയിരിക്കണം. ആരോടും പറയാന്‍ നില്‍ക്കണ്ട എന്ന കര്‍ശനമായ താക്കീത് നല്കി. പേടിച്ചു പോയ ഞാന്‍ ആരോടും പറയാന്‍ നിന്നില്ല. ഇന്നിത് വെളിപ്പെടുത്തും വരെ എന്റെ ചേച്ചിമാര്‍ക്ക് പോലും ഇതറിയില്ല. പിന്നീടുള്ള ഒരു വര്‍ഷം കടുത്ത പീഡകളുടേതായിരുന്നു. എല്ലാവരില്‍നിന്നും അതു മറച്ചുവയ്ക്കാന്‍ അര പ്രാണനായ ആ പെണ്‍കുട്ടി വല്ലാതെ കഷ്ടപ്പെട്ടു. അസഹ്യമായ വയറുവേദന വരുമ്പോള്‍ പോലും കരയാന്‍ വയ്യ. ആചാരപ്രകാരം ചെയ്യരുതാത്ത പല കാര്യങ്ങളും ചെയ്യാന്‍ ചേച്ചിമാര് ആവശ്യപ്പെടും. (വിശ്വാസികള്‍ കണ്ണുരുട്ടണ്ട, ക്ഷേത്രപ്രവേശനമല്ല, ഒരു നായര്‍ കുടുംബത്തിലുള്ള ചില തൊട്ടുകൂടായ്മകള്‍ മാത്രം) അമ്മ വീട്ടിലില്ലെങ്കില്‍ ഞാന്‍ പെട്ടതു തന്നെ. ചെയ്യാതെ നിവൃത്തിയില്ല. ചെയ്തു കഴിയുന്ന നിമിഷം മുതല്‍ കടുത്ത പാപബോധമായി. നന്ദനം പോലെ ഒരു വീടായിരുന്നു എന്റേത്. സരസ്വതിച്ചേച്ചി, ചേച്ചിയമ്മ, കുട്ടിയമ്മ, കോമളച്ചേച്ചി അങ്ങനെ അടുക്കളയിലും പുറത്തും സഹായിക്കാന്‍ കുറെ അമ്മമാര്‍. ആചാരം തെറ്റിക്കുന്ന സ്ത്രീകളെ ദൈവം ശിക്ഷിച്ച കഥകള്‍ പറഞ്ഞ് പേടിപ്പിക്കാന്‍ ഇവര്‍ക്കെല്ലാം ഉത്സാഹമാണ്. അത്തരം സ്ത്രീകള്‍ പ്രസവിക്കുമ്പോള്‍ ചാപിള്ളകളാകും, ഭ്രാന്ത് പിടിക്കും, അവരെ നാഗത്താന്മാര് ശപിക്കും, കാലപാമ്പ് കൊത്തും… അങ്ങനെയങ്ങനെ വര്‍ഷങ്ങളോളം ഞാന്‍ വല്ലാതെ ഭയന്നു കഴിച്ചുകൂട്ടി. സ്വപ്നത്തില്‍ കരിമ്പാമ്പുകള്‍ ഇഴഞ്ഞുനടന്നു.
എന്തായാലും ആറു മാസത്തിനു ശേഷം ചേച്ചിയും ഋതുമതിയായി. എന്നിട്ടും അമ്മ എന്റെ കാര്യം വെളിപ്പെടുത്തുന്നില്ല. ഒടുവില്‍ പെറ്റിക്കോട്ടില്‍ പറ്റിയ ചോരക്കറ എന്നെ രക്ഷിച്ചു. ഞാന്‍ പുറത്തെവിടെയോ പോയപ്പോള്‍ ഊരിയിട്ട പെറ്റിക്കോട്ടില്‍ പുരണ്ട ചോരക്കറ കണ്ട് ചേച്ചിമാര് പരിഭ്രാന്തരായി. “അയ്യോ, അവള്‍ക്ക് പീരിയഡ്സ് ആയി. അതറിയാതെ ആ പാവം പുറത്തുപോയി” എന്ന മട്ടിലായി ചര്‍ച്ചകള്‍. ഇതു കേട്ടിട്ടും അമ്മ ഒന്നും പറഞ്ഞില്ല. തിരികെ വന്നപ്പോള്‍ നേരെ മൂത്ത ചേച്ചി എന്നെ ഒരു മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി വല്യ രഹസ്യാത്മകമായി ചോദ്യം ചെയ്യാനാരംഭിച്ചു. അപ്പോഴും ഞാന്‍ പറഞ്ഞത് എനിക്ക് നാലു ദിവസം മുന്‍പ് ആയെന്നു മാത്രമാണ്. ആദ്യ ആര്‍ത്തവമെന്ന് അവരെല്ലാം കരുതി. നാണംകാരണം മറച്ചുവെച്ചു എന്ന് കരുതി. എന്തായാലും അന്നുവരെ അനുഭവിച്ച വലിയൊരു സഹനത്തിന് അതോടെ പാതി അവസാനമായി.
പക്ഷേ, പിന്നെയും കാത്തിരിപ്പുണ്ടായിരുന്നു പീഡകള്‍. അതി കഠിനമായ വയറുവേദന… കടുത്ത വിഷാദം… പെണ്മക്കള് മാത്രമുള്ള വീടായിരുന്നതു കൊണ്ട് പേരിനു ചിലതല്ലാതെ, കര്‍ശനമായ ചിട്ടകളൊന്നും എന്റെ വീട്ടില്‍ ഉണ്ടായിരുന്നില്ല. കടുത്ത വയറുവേദന വരുമ്പോള്‍ മുറിയടച്ചു കിടക്കാം. ഉച്ചത്തില്‍ നിലവിളിക്കാം. ഛര്ദിക്കാന് അമ്മ കട്ടിലിനു താഴെ ബക്കറ്റ് വച്ചുതരും. അശോകാരിഷ്ടവും ഇഞ്ചിനീരും കുടിപ്പിക്കും. തീരെ പറ്റാതെ വരുമ്പോള്‍ മാത്രം ഡിസ്മെന് എന്നോ മറ്റോ പേരുള്ള ഒരു ടാബ്ലറ്റ് തരും. അവിടെയും നിന്നില്ലെങ്കില്‍ വണ്ടി പിടിച്ച് ആശുപത്രിയില്‍ കൊണ്ടുപോകും.
അങ്ങനെയൊരു അവധിക്കാലത്ത് വലിയമ്മയുടെ (അമ്മയുടെ ചേച്ചി) തിരുവനന്തപുരത്തെ വീട്ടില്‍ വച്ച് എനിക്ക് ആര്‍ത്തവമുണ്ടായി. എല്ലാ അനാചാരങ്ങളും അതേ പടി പിന്തുടരുന്ന ഒരു വീട്. ജീവിതത്തിലൊരു പ്രശ്നമുണ്ടാകുമ്പോള്‍ അതിന് പരിഹാരം തേടി മന്ത്രവാദികളെയും സ്വാമിമാരെയും കാണാന്‍ പോകുന്നവരാണ് ആ വീട്ടിലുള്ളവര്‍. ഞാനവിടെ പെട്ടുപോയി. നാലു ദിവസം പുറത്തിറങ്ങാന്‍ വയ്യ. കട്ടിലില്‍ കിടക്കരുത്, വെറും നിലത്ത് പായിട്ട് (അതില്‍ ഷീറ്റോ തലയണയോ ഇല്ല) കിടക്കണം. ഭിത്തിയില്‍ പോലും തൊടരുത്. കഴിക്കാന്‍ പാത്രം മാറ്റിവച്ചിട്ടുണ്ട്. കടുത്ത വയറുവേദനയും തീണ്ടാരിച്ചിട്ടകളും മൂലം ആത്മഹത്യ ചെയ്താലോ എന്നു പോലും ചിന്തിച്ചു. എന്തായാലും പിറ്റേന്ന് ഇന്ദിര അമ്മായി വന്ന് എന്നെ അവിടെനിന്ന് രക്ഷിച്ചതുകൊണ്ട് ഞാന്‍ ബാക്കിയായി.
ബിനോയിയെ വിവാഹം കഴിച്ചതോടെ ആര്‍ത്തവം വലിയ പ്രശ്നമേയല്ലെന്നായി. എനിക്കു വേണ്ട സാനിറ്ററി പാഡുകള്‍ സമയാസമയം ആള് തന്നെ വീട്ടിലെത്തിക്കും. വയറുവേദന വരുമ്പോള്‍ ഹോട്ട് വാട്ടര്‍ ബാഗില്‍ വെള്ളം നിറച്ചുതരും. അന്നുവരെയുള്ള എല്ലാ ദുഖസ്മൃതികളെയും കൂട്ടുവിളിച്ചുള്ള എന്റെ വിഷാദക്കരച്ചിലിനു “സാരമില്ല, സാരമില്ല” എന്ന് മറുപടിയാകും. പ്രസവമൊക്കെ കഴിഞ്ഞതോടെ വയറുവേദന പമ്പ കടന്നു. വിഷാദം മാത്രം മാറ്റമില്ലാതെ കൂടെയുണ്ട്. പക്ഷേ ഒരു കവിത എഴുതിയാല്‍, നല്ലൊരു പാട്ടുകേട്ടാല്‍ അതിനെ അതിജീവിക്കാമെന്നായി.
മക്കള്‍ക്ക് ആര്‍ത്തവം വരുമ്പോള്‍ അവരെ അതു പറഞ്ഞ് ഭയപ്പെടുത്തരുതെന്നും ജീവിതത്തിലെ ഏറ്റവും ഭംഗിയുള്ള ഓര്‍മയായി അതിനെ മാറ്റണമെന്നും ഞങ്ങള്‍ സഹോദരങ്ങള്‍ തീരുമാനിച്ചു. മക്കളുടെ ആദ്യ ആര്‍ത്തവം ഞങ്ങള്‍ ഏറ്റവും ആനന്ദത്തോടെ പരസ്പരം വിളിച്ചറിയിച്ചു. അവരെ സ്വര്‍ണവും പുതുവസ്ത്രവും മധുരവും നല്കി ഞങ്ങള്‍ സന്തോഷിപ്പിച്ചു. മുന്തിയ ഹോട്ടലുകളില്‍ വിരുന്ന് നടത്തി.
ആണ്‍മക്കളാകട്ടെ ഇതുകണ്ട് അസൂയയോടെ നോക്കിനിന്നു. ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള സ്വാഭാവികമായ ഒരു കാര്യമാണ് ഇതെന്ന് ഞങ്ങളുടെ ആണ്‍കുട്ടികള്‍ക്കും അറിയാം. അച്ഛനോ അമ്മയോ വീട്ടിലില്ലാത്തപ്പോള്‍ പെങ്ങള്‍ക്കു വയറുവേദന വന്നാല്‍ ബീന്‍ ബാഗ് ഓവ്നില്‍ വച്ചു ചൂടാക്കി നല്കാന് എന്റെ പത്തുവയസ്സുകാരന് മകന് പോലും പഠിച്ചു. ഗുസ്തി കൂടാന്‍ വരുന്ന അവനോട് “അവളെ തൊടരുത്, അവള്‍ക്കു വയ്യ” എന്നു പറയുമ്പോള്‍ “ചേച്ചിക്കു പീരിയഡ്സ് ആണോ” എന്ന് ഏറ്റവും സ്വാഭാവികമായി അവന് ചോദിക്കുന്നു.
ഇന്നലെ തമിഴ്നാട്ടില്‍ ആദ്യ ആര്‍ത്തവ കാലത്ത് ഷെഡ് കെട്ടി മാറ്റിയിരുത്തിയ പെണ്‍കുട്ടിയുടെ കഥ എന്നെ എത്ര നോവിച്ചുവെന്ന് പറഞ്ഞറിയിക്കാന്‍ വയ്യ. എന്റെ മോള്‍ക്ക് അതേ പ്രായത്തിലാണ് ആദ്യ ആര്‍ത്തവം വന്നത്. ചേച്ചിമാരെ വിളിച്ചറിയിച്ചു. അതിനു തൊട്ടു തലേ ആഴ്ചയില്‍ “വയസ്സറിയിച്ച” അവളുടെ കസിന്റെയും അവളുടെയും പെണ്ണാഘോഷം ഞങ്ങള്‍ ഒന്നിച്ചാക്കി. ഞാന്‍ ഇരുവര്‍ക്കും വേണ്ടി ഹൃദയാകൃതിയിലുള്ള ഓരോ കമ്മലുകള്‍ വാങ്ങി. എന്റെ വീട്ടില്‍ ചെന്നപ്പോള്‍ പട്ടുപാവാടകളും ഒരുപാട് മധുരവും പുതുവസ്ത്രവും ആഭരണങ്ങളുമൊക്കെയായി എന്റെ ചേച്ചിമാര് കാത്തിരുന്നിരുന്നു. ഞങ്ങളെല്ലാവരും ഒരു റസ്റ്ററന്റില്‍ ഒത്തുകൂടി. അവരിരുവരും രണ്ടു പൂമ്പാറ്റകളെ പോലെ അതിനു നടുവില്‍ പാറിപ്പറന്നു. ഞങ്ങള്‍ക്കു മീശ വന്നപ്പോളെങ്കിലും ഇങ്ങനെ ആഘോഷിക്കണമായിരുന്നെന്ന് ആണ്മക്കള് കുറുമ്പു പറഞ്ഞു.
ഇപ്പോള്‍ ആര്‍ത്തവ ദിവസങ്ങളില്‍ ഏറ്റവും സുന്ദരമായി ഞാനവളുടെ മുറി ഒരുക്കിവയ്ക്കും. മെത്തയില്‍ പതുപതുത്ത വിരികളിടും. മുറിയിലെ പൂപ്പാത്രത്തില് പുതിയ പൂക്കള്‍ വയ്ക്കും. എന്റെ മ്യൂസിക് സിസ്റ്റം അവളുടെ മുറിയിലേക്ക് മാറ്റിവച്ച് നേര്‍ത്ത ശബ്ദത്തില്‍ പാട്ടുവച്ചു നല്‍കും. എല്ലാ ദിവസങ്ങളിലെയും പോലെ അവള് ആ ദിവസങ്ങളും കടന്നുപോകുന്നു. എല്ലാ മുറികളിലും കയറിയിറങ്ങുന്നു.
പരദേവതയായ നാഗയക്ഷിയമ്മയുടെ അനുഗ്രഹം കാരണമാകും ആദ്യ ആര്‍ത്തവത്തെ തുടര്‍ന്നുണ്ടായ ഭയത്തിന്റെ കരിമ്പാമ്പുകളൊന്നും ഉറക്കത്തില്‍ പോലും എന്നെ പേടിപ്പിക്കാറില്ല. ഒരു തരത്തിലുമുള്ള ശാപങ്ങളും എന്നെ പിന്തുടര്ന്നു വന്നില്ല. അനാചാരങ്ങളെ മാറാല തട്ടുമ്പോലെ തൂത്തുമാറ്റി, മനുഷ്യനു ഗുണകരമായ ആചാരങ്ങളെ ചേര്‍ത്തുപിടിച്ച് ഞങ്ങള്‍ മുന്നോട്ടു പോകുന്നു. പൂജാമുറിയില്‍ ഒന്നിച്ചിരിക്കുന്ന കൃഷ്ണനും ക്രിസ്തുവും ഏറെ സന്തോഷത്തോടെ ഞങ്ങളോടൊപ്പം നടക്കുന്നു.
(മക്കളുടെ ആദ്യ ആര്‍ത്തവ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇതോടൊപ്പം)
Discussion about this post