ആറ്റിങ്ങല്‍: ഇരുപത്തഞ്ച് വര്‍ഷങ്ങളിലേറെയായി പൂട്ടിക്കിടക്കുന്ന ആറ്റിങ്ങല്‍ സ്റ്റീല്‍ ഫാക്ടറിക്ക് പുതുജീവന്‍ വയ്ക്കുന്നു. ഈ മാസം 20ന് ഫാക്ടറി വീണ്ടും പ്രവര്‍ത്തനം തുടങ്ങും. വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്‍ ഈ മാസം 20ന് പ്ലാന്റ് ഉദ്ഘാടനം ചെയ്യും.
20 കോടി രൂപ ചിലവഴിച്ചാണ് പ്ലാന്റ് വീണ്ടും പ്രവര്‍ത്തനം തുടങ്ങുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കൂടി സഹായത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്ലാന്റ് തുറക്കുന്നത്. 1963ല്‍ ആരംഭിച്ച സ്റ്റീല്‍ ഫാക്ടറിക്ക് 1994 താഴ് വീഴുകയായിരുന്നു.
കനത്ത നഷ്ടം നേരിട്ട സാഹചര്യത്തിലായിരുന്നു പ്ലാന്റ് അടച്ചുപൂട്ടിയത്. കാല്‍ നൂറ്റാണ്ടിലേറെ പൂട്ടിക്കിടന്ന ഫാക്ടറി വീണ്ടും തുറന്ന് ഇതിനെ സംസ്ഥാനത്തെ പ്രധാന പരിശീലന കേന്ദ്രമാക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. പുതിയ സംരംഭകരെ സഹായിക്കുകയാണ് വീണ്ടും പ്ലാന്റ് തുറക്കുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.
സംരംഭകര്‍ക്ക് ഇവിടെ പ്രത്യേക പരിശീലനം നല്‍കും. സ്റ്റീലിന് പുറമെ റബര്‍, സോളാര്‍, ഇലക്ട്രോണിക്‌സ് മേഖലയില്‍ ഉള്ളവര്‍ക്കും പരിശീലനം നല്‍കും. ഇതിനു പുറമെ ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കും പരിശീലനം നല്‍കുമെന്നാണ് വിവരം. ഇതിന്റെ ഭാഗമായി 25 പേരടങ്ങിയ ആദ്യ ബാച്ചിന്റെ പരിശീലനം ആറാം തീയതി മുതല്‍ ആരംഭിച്ചിട്ടുണ്ട്.
Discussion about this post