തൃശ്ശൂര്‍: നിലയ്ക്കലില്‍ എത്തിയ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനെ തടഞ്ഞ സംഭവത്തില്‍ തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയ്ക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ബിജെപി. എസ്പിയുടെ ഓഫീസിലേക്ക് ബിജെപിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും. രാവിലെ 11 മണിക്ക് തേക്കിന്‍കാട് മൈതാനിയില്‍ നിന്നാണ് മാര്‍ച്ച് തുടങ്ങുന്നത്.
ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ അപമാനിച്ചുവെന്ന് ബിജെപി ആരോപിച്ചിരുന്നു. നിലയ്ക്കലിലെത്തിയ മന്ത്രി സ്വകാര്യ വാഹനങ്ങള്‍ക്ക് കൂടി പമ്പയിലേക്ക് കടന്നുപോകാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് പോകാന്‍ അനുമതി നല്‍കാനാകില്ലെന്ന് തുറന്ന് പറയുകയായിരുന്നു. അനുമതി നിഷേധിച്ച് കടന്ന് വരുന്ന ബുദ്ധിമുട്ടുകള്‍ക്ക് മന്ത്രി ഉത്തരവാദിത്വം ഏറ്റെടുക്കുമോ എന്നും എസ്പി തുറന്നടിച്ച് ചോദിച്ചിരുന്നു. ഇതാണ് ബിജെപിയെ ചൊടിപ്പിച്ചത്.
എന്നാല്‍ നിലവിലെ സാഹചര്യം കണക്കിലെടുത്ത് എസ്പി യതീഷ് ചന്ദ്രയ്ക്കെതിരെ നടപടി ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. നടപടി എടുക്കേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. യതീഷ് ചന്ദ്ര ഡ്യൂട്ടി നിര്‍വഹിക്കുക മാത്രമായിരുന്നു ചെയ്തത്. കേന്ദ്രമന്ത്രിയുടെ മാത്രമല്ല, കൂടെ വന്നവരുടെയും വാഹനങ്ങള്‍ അകത്തേയ്ക്ക് വിടണമെന്നാവശ്യപ്പെട്ടപ്പോഴാണ് പോലീസ് അത് തടഞ്ഞത്. കേന്ദ്രമന്ത്രി അത് ചോദ്യം ചെയ്തപ്പോഴാണ് പോലീസുദ്യോഗസ്ഥര്‍ക്ക് അദ്ദേഹത്തോട് സംസാരിക്കേണ്ടി വന്നത്. കേന്ദ്രമന്ത്രിയെന്ന ആദരവോടെ തന്നെയാണ് പോലീസ് സംസാരിച്ചത്. അതില്‍ പ്രത്യേകിച്ച് അപാകതയൊന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Discussion about this post